Image: AP
ഓപറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ നിയന്ത്രണരേഖയിലേക്ക് ഇന്ത്യന്‍ ടാങ്കുകള്‍ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. T-72 ടാങ്കുകള്‍ എത്തി പാക് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വെളിപ്പെടുത്തിയത്. BMP-2 ടാങ്ക് സര്‍വസജ്ജമായി ഇപ്പോഴും നിയന്ത്രണരേഖയ്ക്കരികില്‍ ഉണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറയുന്നു. കൃത്യമായ ആസൂത്രണമാണ് സൈന്യം നടത്തിയതെന്നും ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ എത്തുന്ന പാതകള്‍ തകര്‍ക്കുകയായിരുന്നു അതിലൊെന്നും അത് നേടിയെന്നും അദ്ദേഹം വിശദീകരിച്ചു.
T-72 ടാങ്കുകളില്‍ 125 mm തോക്കാണ് ഉപയോഗിക്കുന്നത്. 4000 മീറ്റര്‍ വരെ പ്രഹരശേഷിയുള്ള മിസൈലുകളും ഇതിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ ചെറുക്കാന്‍ കൈവശമുള്ള ആയുധങ്ങളുടെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും 30mm തോക്കുകളും 4000 മീറ്റര്‍ റേഞ്ചിലുള്ള മിസൈലുകളും ശത്രുവിന് മാരകമായ പ്രഹരമേല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തില്‍ നിന്ന് എന്ത് നിര്‍ദേശമുണ്ടായാലും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പട്ടാളക്കാരും ആയുധങ്ങളും സജ്ജമായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായി മേയ് ഏഴിനാണ് ഇന്ത്യ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. ലഷ്കര്‍, ജയ്ഷെ താവളങ്ങള്‍ തകര്‍ത്ത ഇന്ത്യ, പാക് പ്രകോപനത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍റെ വ്യോമകേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി. നൂറിലേറെ ഭീകരവാദികള്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കാണ്ടഹാറില്‍ വിമാനം റാഞ്ചിയ ഭീകരനുള്‍പ്പടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.