രാജ്യമങ്ങനെ ഇലക്ടോണിക് പാസ്പോർട്ടിലേക്ക് കടന്നിരിക്കുകയാണ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇ- പാസ്പോർട്ട് ലഭ്യമായി തുടങ്ങി. ഈ വർഷം അവസാനത്തോടെ എല്ലാ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ സേവനം ലഭിക്കും. എന്താണ് ഇലക്ടോണിക് പാസ്പോർട്ട് എന്നും പ്രത്യേകതകൾ എന്തെന്നും അറിയാം.
പരമ്പരാഗത പാസ്പോർട്ട് ബുക്ക് ലെറ്റിനൊപ്പം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഉൾപ്പെടുത്തിയതാണ് ഇ - പാസ്പോർട്ട് അഥവാ ഇലക്ടോണിക് പാസ്പോർട്ട്. ചിപ്പില്‍ ബയോമെട്രിക്ക് വിവരങ്ങളടങ്ങിയിരിക്കും. ഇത് വഴി വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനാവും. പരിശോധനയും വേഗത്തിലാകും. ഉടമയുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ ചില വിദ്യകൾ ഇ പാസ്പോർട്ടിലുണ്ട്. പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ വിലാസമുണ്ടാകില്ല. പകരം വിലാസം അടങ്ങിയ ബാർകോഡ് ഉണ്ടാകും. പരിശോധിക്കുന്ന ഉദ്യോഗസ്ഥന് മാത്രമാണ് വിവരങ്ങൾ മനസ്സിലാവുക.
മാതാപിതാക്കളുടെ പേരും പാസ്പോർട്ടിൽഉണ്ടാകില്ല. കളര്‍കോഡാണ് മറ്റൊരു പ്രത്യേകത. ഇത് തിരിച്ചറിയല്‍ എളുപ്പമാക്കും സാധാരണ പാസ്പോര്‍ട്ടുകള്‍ക്ക് നീല നിറവും നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവുമാണ് നൽകിയിരിക്കുന്നത്.നിലവിൽ എങ്ങനെയാണോ പാസ്പോർട്ടിന് അപേക്ഷിക്കുന്നത് അതുപോലെ തന്നെ ഇ -പാസ്പോർട്ടിന് അപേക്ഷിക്കാം. പാസ്പോർട്ട് സേവാ പോർട്ടൽ വഴി തന്നെ അപേക്ഷ സമർപ്പിക്കണം. ജമ്മു ഗോവ നാഗ്പൂർ ഷിംല ഭുവനേശ്വർ ഡൽഹി റാഞ്ചി സൂറത്ത് ഹൈദരാബാദ് ചെന്നൈ ജയ്പൂർ അമൃത്സർ റായ്പൂർ എന്നിവിടങ്ങളിലാണ് നിലവിൽ ഇ പാസ്പോർട്ട് നൽകുന്നത്. വരും മാസങ്ങളിൽ ഇത് രാജ്യവ്യാപകമാകും