ഇന്ത്യ വീഴ്ത്തിയ പാക് യുദ്ധവിമാനങ്ങളുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടേക്കും. പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് നാല് ദിവസത്തിനിടെ, അയച്ചത് 800നും ആയിരത്തിനും ഇടയിൽ ഡ്രോണുകളെന്ന് കരസേന അറിയിച്ചു. പഞ്ചാബ് – അതിര്‍ത്തിയിലെ ബീറ്റിങ് റിട്രിറ്റ് ഇന്ന് പുനരാരംഭിക്കും.
പാക് വ്യോമസേനയുടെ ഒരു F 16, ഒരു JF 17 C, രണ്ട് മിറാഷ് യുദ്ധവിമാനം, ഒരു ചരക്ക് വിമാനം, ഒരു നിരീക്ഷണ വിമാനം ഇത്രയും ഇന്ത്യ തകര്‍ത്തുവെന്നാണ് അനൗദ്യോഗിക വിവരം. പാക് സൈന്യം വ്യാജ അവകാശവാദങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍, ഇന്ത്യ തകര്‍ത്ത പാക് യുദ്ധവിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടേക്കും. പാക്കിസ്ഥാന്‍ നാലുദിവസം കൊണ്ട് ഇന്ത്യയിലേക്ക് അയച്ചത് 800നും ആയിരത്തിനും ഇടയില്‍ ഡ്രോണുകളാണെന്ന് കരസേന അറിയിച്ചു. പാക് ആക്രമണം മുൻകൂട്ടി കണ്ട് വ്യോമപ്രതിരോധ സംവിധാനങ്ങൾ അമൃത്സറിലെ സുവർണ ക്ഷേത്ര കോംപൗണ്ടിന് അകത്തും സ്ഥാപിച്ചു. ലൈറ്റുകൾ അണച്ച് സുവർണ ക്ഷേത്ര അധികൃതർ സേനയോട് സഹകരിച്ചു.
പഞ്ചാബിലെ മൂന്ന് പ്രധാന ചെക്പോസ്റ്റുകളിലും ബീറ്റിങ് റിട്രീറ്റ് ഇന്ന് പുനരാരംഭിക്കും. പൊതുജനങ്ങള്‍ക്ക് നാളെ മുതലാണ് പ്രവേശനം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് അട്ടാരി - വാഗ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് നിർത്തിവച്ചത്. അഫ്ഗാനിൽനിന്നുള്ള ചരക്കുലോറികള്‍ പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ട്. അതിനിടെ, സര്‍വസജ്ജമാണെന്ന് വ്യക്തമാക്കി വ്യോമസന പുതിയ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.