എയര്‍ ഇന്ത്യ വിമാനത്തില്‍ എസി തകരാറിലായതോടെ വിയര്‍ത്തുകുളിച്ച് യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. പാറ്റ്നയിലേക്ക് പോവേണ്ട വിമാനത്തിലാണ് എസി ഇല്ലാതെ യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ ഇരിക്കേണ്ടിവന്നത്. സാങ്കേതികമായുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചതെന്ന് എയര്‍ ഇന്ത്യ പറയുന്നു.
ഇന്നലെ ഡല്‍ഹിയിലെ പകല്‍ താപനില 41.1ഡിഗ്രി സെല്‍സ്യസ് ആണ്, ഈ ചൂടിലാണ് തങ്ങള്‍ക്ക് എസിയില്ലാതെ ഇരിക്കേണ്ടി വന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍ജെഡി എംഎല്‍എ റിഷി മിശ്രയും വിമാനത്തിലുണ്ടായിരുന്നു, വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം എക്സില്‍ വിഡിയോ പോസ്റ്റ് ചെയ്തു. ‘ഇത് പാറ്റ്നയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം, ഇപ്പോള്‍ സമയം നാലുമണി, ഒരു മണിക്കൂറിലേറെയായി എസിയില്ലാതെ ഞങ്ങള്‍ ഈ വിമാനത്തില്‍ ഇരിക്കുന്നു, യാത്രക്കാരെല്ലാം വിയര്‍ത്തുകുളിക്കുകയാണ്, കുട്ടികളെല്ലാം അസ്വസ്ഥരാണ്. പക്ഷേ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല’എന്നായിരുന്നു അദ്ദേഹം വിഡിയോയിലൂടെ വ്യക്തമാക്കിയത്.
കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് വീശിക്കൊണ്ടിരിക്കുന്ന യാത്രക്കാരുടെ വിഡിയോ ആണ് മിശ്ര എക്സില്‍ പങ്കുവച്ചത്. എംഎല്‍എയുടെ ബന്ധുവും സര്‍ജനുമായ ഡോ ബിപിന്‍ ജാ എയര്‍ ഇന്ത്യയുമായി ബന്ധപ്പെടുകയും എക്സില്‍ പോസ്റ്റിടുകയും ചെയ്തു. മൂന്നുമണിക്കൂറിലേറെയായി യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണെന്നും വേഗത്തില്‍ ഇടപെടല്‍ നടത്തണമെന്നും ബിപിന്‍ ആവശ്യപ്പെട്ടു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാങ്കേതികമായി തകരാര്‍ പരിഹരിക്കാനെടുക്കുന്ന സമയമാണിതെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി.