Image 1. A young child, who was injured when a building caught fire near the Charminar area in Hyderabad, is carried by a rescuer to an ambulance.
ഹൈദരാബാദില്‍ ചാര്‍മിനാറിനടുത്തുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ചയുണ്ടായ തീപിടിത്തതില്‍ കുട്ടികള്‍ ഉള്‍പ്പടെ 17 പേരാണ് മരിച്ചത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്, താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിച്ചു. മുകളിലത്തെ നിലയിലെ മുറികളിൽ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ കൂടുതൽ പേരും.
അപകടത്തിന്‍റെ ഞെട്ടിക്കുന്ന വിവരമാണ് പ്രദേശത്തെ താമസക്കാരനും വള വില്‍പ്പനക്കാരനുമായ സാഹിര്‍ പങ്കുവച്ചത്. തീയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ കെട്ടിപിടിച്ചിരിക്കുന്ന അമ്മയെയാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയതെന്നും അടുത്തെത്തുമ്പോഴേക്കും അവര്‍ മരിച്ചിരുന്നതായും സാഹിര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
'തീ പടർന്ന് പിടിച്ച ഉടനെ ഞങ്ങൾക്ക് അകത്ത് കടക്കാൻ കഴിഞ്ഞു. വലിയ തീജ്വാലകളെയാണ് നേരിട്ടത്. മുറിക്കുള്ളിൽ ഒരു സ്ത്രീ കുട്ടികളെ കെട്ടിപ്പിടിച്ചിരുന്നു. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. 13 പേരെയാണ് സാഹിറും കൂടെയുള്ളവരും രക്ഷപ്പെടുത്തിയത്. പുകകാരണം ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. അകത്ത് കടക്കാൻ ഒരു മതിൽ പൊളിച്ചുമാറ്റി. മിക്കവരും പൊള്ളലേറ്റാണ് മരിച്ചത്. പുകകാരണം ശ്വാസംമുട്ടിയും മരണങ്ങളുണ്ട്', സാഹിർ പറഞ്ഞു.
കെട്ടിടത്തിന്‍റെ പ്രധാന ഗേറ്റില്‍ തീഗോളമായിരുന്നുവെന്ന് മറ്റൊരു ദൃക്സാക്ഷി സഹിദ് പറഞ്ഞു. 'ഷട്ടർ തകർത്താണ് അകത്തേക്ക് കയറിയത്. ഒന്നാം നിലയിലേക്ക് പ്രവേശിച്ചെങ്കിലും അവിടെ മുഴുവൻ തീയിൽ മുങ്ങിയിരുന്നു' അദ്ദേഹം പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.