ഇന്ത്യയെ ശക്തമായ പ്രതിരോധത്തിലൂടെ വിറപ്പിച്ചുവെന്നാണ് ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ കള്ളം പറയില്ലെന്നത് ഒരിക്കല്‍ക്കൂടി വ്യക്തം. പാക്കിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇന്ത്യന്‍ കരസേന പുറത്തുവിട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിക്കുന്നതും അതിനോടുള്ള ഇന്ത്യയുടെ പ്രതിരോധവും തിരിച്ചടിയുമാണ് ദൃശ്യങ്ങളിലുള്ളത്. അജയ്യമായ തീയുടെ മതിൽ എന്ന പേരിലാണ് കരസേന ദൃശ്യങ്ങൾ പങ്കുവച്ചത്.
മേയ് ഏഴാം തീയതി പാക്കിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണദൃശ്യങ്ങളും പാക്കിസ്ഥാന്‍റെ വിവിധ മിസൈലുകളുമടക്കം ദൃശ്യങ്ങളില്‍ ആദ്യം കാണാം. പാക്കിസ്ഥാന്‍റെ ആക്രമണത്തെ S-400 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിടുന്ന കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങളും ഇതാദ്യമായി പുറത്ത് വിട്ടു. മാത്രമല്ല പാക്കിസ്ഥാന്‍റെ അവകാശവാദങ്ങളെല്ലാം ഖണ്ഡിക്കും വിധം ലക്ഷ്യം തെറ്റിയ പാക്കിസ്ഥാന്‍റെ മിസൈലുകളുടെ ഭാഗങ്ങൾ കൃഷിയിടങ്ങളിലും ആളില്ലാത്ത ഭൂപ്രദേശത്തും വീണുകിടക്കുന്നതും കാണാം. എന്തുകൊണ്ട് പാക്കിസ്ഥാൻ വെടിനിർത്തലിന് തയാറായെന്ന് വ്യക്തമാക്കുന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് തുടർന്നുള്ളത്.
അക്ഷരാർഥത്തിൽ പാക്കിസ്ഥാനിലെ ലക്ഷ്യങ്ങളിൽ തീമഴ പെയ്യിച്ച ഇന്ത്യയുടെ തിരിച്ചടി. പാക്കിസ്ഥാൻ പറയുന്ന നുണകൾക്ക് വ്യക്തതയുള്ള ദൃശ്യങ്ങളോടെ കരസേന മറുപടി നൽകുന്നു.
ഇന്ത്യയുടെ ആക്രമണത്തിൽ കത്തിയമരുന്ന വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർന്ന റൺവേകളും. വെടിനിർത്തൽ ധാരണയായെങ്കിലും പാക്കിസ്ഥാനെ മാനസികമായി തളർത്തുന്ന കൂടുതൽ ദൃശ്യങ്ങൾ വരുംദിവസങ്ങളിലും പുറത്തുവരുമെന്ന് ഉറപ്പ്.