തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകൾ ഐഐടി ബോംബെ റദ്ദാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് തീരുമാനം. ദേശ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി എന്ന് ഐഐടി ബോംബെ അറിയിച്ചു. ജെഎന്‍യും, ജാമിയ എന്നിവയടക്കം നിരവധി സർവകലാശാലകൾ സമാനമായ നടപടി സ്വീകരിച്ചിരുന്നു.
തുര്‍ക്കി പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യാപാരികള്‍ തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തി. ഇതിനോടകം ഇറക്കുമതി ചെയ്ത ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്കുമാറ്റി. വ്യാപാരികള്‍ മാത്രമല്ല, ഉപഭോക്താക്കളും തുര്‍ക്കി ആപ്പിളുകളോട് മുഖം തിരിക്കുകയാണെന്ന് ഡല്‍ഹിയിലെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു.
ഒരുദിവസം ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയില്‍ മാത്രം എത്തിയിരുന്നത് 50 ടണ്ണിലേറെ തുര്‍ക്കി ആപ്പിളുകളാണ്. ഇപ്പോള്‍ അത് പൂര്‍ണമായി നിലച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിച്ച ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റി. ചെറുകിട കച്ചടവടക്കാരും തുര്‍ക്കി ആപ്പിള്‍ വേണ്ടെന്ന നിലാപടിലാണ്. പകരം ന്യൂസീലാന്‍ഡ് ആപ്പിളുകളാണ് കൂടുതലായി എത്തുന്നതെന്ന് ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു. തുര്‍ക്കി ആപ്പിള്‍ വാങ്ങുമ്പോള്‍ പണം പോകുന്നത് പാക്കിസ്ഥാനിലേക്കാണ്. അതുകൊണ്ടാണ് ഇറക്കുമതി നിര്‍ത്തിയതെന്നും വ്യാപാരികള്‍.
വര്‍ഷം 11.76 ലക്ഷം ടണ്‍ ആപ്പിളാണ് തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 1200 കോടി രൂപ മൂല്യം. ഇറക്കുമതി നിര്‍ത്തുന്നത് തുര്‍ക്കിക്ക് സാമ്പത്തികമായി കനത്ത തിരിച്ചടിയാണ്.
പാകിസ്ഥാന് സൈനിക പിന്തുണ നല്‍കിയ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഒഴിവാക്കുന്നു. ട്രാവല്‍ ഏജന്‍സികളിലെ 90 ശതമാനം ബുക്കിങുകളും യാത്രക്കാര്‍ റദാക്കി. ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിങുകള്‍ ട്രാവല്‍ ഏജന്‍സികളും സ്വീകരിക്കുന്നില്ല
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ലോക വിപണിയെയും സ്വാധീനിക്കുകയാണ്. പാകിസ്ഥാന് സൈനിക പിന്തുണ നല്‍കിയ തുര്‍ക്കി, അസര്‍ബൈജാന്‍ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിന് പുറമെ വിനോദ സഞ്ചാര മേഘലയിലും വലിയ തിരിച്ചടിയാണ് നേരിടുന്നത്. കേരളത്തില്‍ നിന്നുള്ള 90 ശതമാനം വിനോദ സഞ്ചരാകികളും അസര്‍ബൈജാനിലേക്കും തുര്‍ക്കിയിലേക്കും ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കി. വിഷയത്തില്‍ രാജ്യ താല്‍പര്യത്തിന് ഒപ്പമാണ് കേരളത്തിലെ ട്രാവല്‍ ഏജന്‍സികളും.
യൂറോപ്പിലേക്ക് വര്‍ധിച്ച വിനോദയാത്ര ചിലവുള്ള പശ്ചാത്തലത്തിലാണ് യൂറേഷ്യന്‍ രാജ്യങ്ങളായ തുര്‍ക്കിയും അസര്‍ബൈജാനും ശ്രദ്ധാ കേന്ദ്രമായത്. തല്‍ക്കാലത്തേക്ക് ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിങുകള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ട്രാവല്‍ ഏജന്‍സികള്‍. വിനോദ സഞ്ചാര മേഘലയില്‍ കൂടി തിരിച്ചടി നേരിടുന്നതോടെ സാമ്പത്തികമായി വലിയ നഷ്ടമാകും തുര്‍ക്കിക്കും അസര്‍ ബൈജാനും നേരിടേണ്ടി വരുക.