പാക്കിസ്ഥാന്‍റെ പോസ്റ്റുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു കരസേന. പോസ്റ്റുകള്‍ തകര്‍ക്കുന്ന ഈ ദൃശ്യങ്ങള്‍ പടിഞ്ഞാറന്‍ കമാന്‍ഡ് ആണ് പുറത്തുവിട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തിലായിരുന്നു തുടക്കം. ഇത്തവണ പാക്കിസ്ഥാന് മറക്കാത്ത തിരിച്ചടി നല്‍കുമെന്ന് ഉറപ്പിച്ചിരുന്നു. പ്രതികാരമല്ല, നീതിയാണ് നടപ്പാക്കിയത്. വെടിനിര്‍ത്തല്‍ ലംഘിച്ച പോസ്റ്റുകള്‍ പൂര്‍ണമായി തകര്‍ത്തു. ശത്രു ഓടിപ്പോയി. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയില്‍ സൈന്യം പറയുന്നു. ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കും എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. വെടിനിര്‍ത്തലിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഡി.ജി.എം.ഒ തല ചര്‍ച്ചകള്‍ ഇന്നുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും തെറ്റാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാനുമായുള്ള ധാരണ തുടരുമ്പോള്‍ തന്നെ, ആയുധശേഖരണം ശക്തമാക്കുകയാണ് ഇന്ത്യന്‍ സായുധസേനകള്‍. അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് നാൽപ്പതിനായിരം കോടിയിലേറെ രൂപയുടെ ആയുധങ്ങളാണ് വാങ്ങുന്നത്. കാമിക്കാസെ ഡ്രോണുകൾ, നിരീക്ഷണ ഡ്രോണുകൾ, പീരങ്കി ഷെല്ലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ദീർഘദൂര സ്മാർട്ട് വെപ്പണുകൾ, വിവിധ തരത്തിലുള്ള റോക്കറ്റുകളും മിസൈലുകളുമാണ് ഇന്ത്യ വാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ആക്രമണ പ്രതിരോധ സംവിധാനങ്ങളുടെ മികവ് തെളിയിച്ചു. സൈനിക ബലാബലത്തിലെ മേൽക്കോയ്മ തുടരാനാണ് വെടിക്കോപ്പുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും കൂടുതലായി വാങ്ങുന്നത്. ദീർഘദൂര ലോയിറ്ററിങ് മ്യൂണിഷനുകളുടെ മികവ് പാക്കിസ്ഥാനുമായുള്ള സംഘർഷത്തോടെ ഇന്ത്യയ്ക്ക് ബോധ്യമായി. പ്രതിരോധമന്ത്രി അധ്യക്ഷനായ സംഭരണ കൗൺസിലാണ് അടിയന്തര സ്വഭാവത്തിൽ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സൈനിക തലങ്ങളിലെയും വിവിധ ഉദ്യോഗസ്ഥർ യോഗം ചേർന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ആയുധ ഇടപാട് പൂർത്തിയാകും.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പോര് തുടങ്ങിയത് കോണ്‍ഗ്രസിലാണ്. പാക് ഭീകരത തുറന്നുകാട്ടാനുള്ള സർവകക്ഷി സംഘത്തിലേക്ക് ശശി തരൂരിനെ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഉലഞ്ഞു കോണ്‍ഗ്രസ്. സര്‍വകക്ഷിസംഘത്തിലേക്ക് പ്രതിനിധികളെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ രാഷ്ട്രീയ കക്ഷികളെ സമീപിക്കുന്നതിന് മുമ്പെ വ്യക്തിപരമായി നേതാക്കളെ സമീപിച്ചുകൊണ്ടായിരുന്നു ആ സര്‍ജിക്കല്‍ സ്ട്രൈക്ക്. പാര്‍ട്ടിയോട് ആലോചിക്കാന്‍ നില്‍ക്കാതെ ശശി തരൂര്‍ പൂര്‍ണസമ്മതം പറഞ്ഞു. പിന്നീടാണ് കോണ്‍ഗ്രസിനോട് ബിജെപി സര്‍ക്കാര്‍ പട്ടിക ചോദിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് കൊടുത്ത ആ പട്ടികയില്‍ ശശി തരൂരിനെ തഴയുകയും ചെയ്തു. ഇത് അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. ശശി തരൂര്‍ ക്ഷണം സ്വീകരിച്ചെങ്കിലും കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
വിദേശ പര്യടന സർവകക്ഷി സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം പാർട്ടി നേതാവ് ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോട് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ട പ്രകാരമാണ് നാലു പേരുകൾ നിർദ്ദേശിച്ചതെന് എക്സ് പോസ്റ്റിൽ പറയുന്നു. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, സയിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ആനന്ദ് ശർമ്മയെ മാറ്റിനിർത്തിയാൽ രാജ്യാന്തര കാര്യങ്ങളിൽ പരിചയ കുറവുള്ളവരാണ് കോൺഗ്രസ് നിർദ്ദേശിച്ചിട്ടുള്ള മറ്റുള്ളവർ. വ്യക്തിപരമായ നിലപാടും മോദിയെ പുകഴ്ത്തലും തുടരുന്ന ശശി തരൂരിന് പ്രവർത്തകസമിതി താക്കീത് ചെയ്തതിന് പിന്നാലെയാണ് പാർട്ടി നീക്കം. എന്നാല്‍ സർക്കാർ ക്ഷണം ബഹുമതിയായി കരുതുന്നു എന്ന് ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മാധ്യമങ്ങളോടും പറഞ്ഞു. ദേശ താൽപ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പങ്കാളിത്തം ആവശ്യമുള്ളപ്പോൾ മാറി നിൽക്കില്ല എന്നും തരൂർ വ്യകതമാക്കി.
ആവശ്യമായ സമയത്ത് രാഷ്ട്രീയത്തിന് അതീതമായി രാജ്യം ഒറ്റക്കെട്ടെന്നും ഭീകരവാദത്തോട് സന്ധിയില്ലെന്ന സന്ദേശമാണ് നൽകുന്നതെന്നും സർവകക്ഷി സംഘത്തിൻ്റെ വിവരങ്ങൾ പുറത്ത് വിട്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു
പ്രതികരിച്ചു. വിദേശകാര്യ പാര്‍ലമെന്‍ററി സമിതി ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ ആദ്യ സംഘത്തെ നയിക്കാന്‍ പരിഗണിച്ചതിനുള്ള ഘടകങ്ങള്‍ എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. തരൂരിനെ പരിഗണിച്ചതിലൂടെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിൽ ആക്കുക കൂടിയാണ് ബിജെപി സർക്കാർ ചെയ്തത്.
പാർട്ടിയെ വെട്ടിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് കൂട്ടുനിന്ന ശശി തരൂർ പുറത്തേക്കുള്ള വഴി തേടുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ കരുതുന്നത്. പാര്‍ട്ടിയെ മാനിക്കാതെയുള്ള ശശി തരൂരിന്റെ നീക്കത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നു. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതപദവി സംബന്ധിച്ച് തരൂര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഈ പദവി ലഭിച്ചാലും എംപി സ്ഥാനം ഒഴിയേണ്ടിവരില്ല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ സ്വയം അച്ചടക്ക നടപടി ഏറ്റുവാങ്ങാനുള്ള തരൂരിന്‍റെ നീക്കത്തിന് കുടപിടിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. സര്‍വകക്ഷി സംഘത്തെ നയിക്കുന്നത് സംബന്ധിച്ച് പാർട്ടിയുമായി കേന്ദ്രമന്ത്രി ബന്ധപ്പെടുന്നതിന് ഒരു ദിവസം മുൻപ് തന്നെ തരൂർ സമ്മതം അറിയിച്ചു. പാര്‍ട്ടിയെ അറിയിച്ചു എന്ന തരൂരിന്‍റെ വാദവും എഐസിസി തള്ളി . കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകളില്‍ മൂന്നെണ്ണം ഒഴിവാക്കിയും 4 നേതാക്കളെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ ചേര്‍ത്തുമാണ് സംഘത്തെ പ്രഖ്യാപിച്ചത്. സര്‍വ കക്ഷി സംഘം ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായതിനാല്‍ അംഗങ്ങളെ തടയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വ്യക്തമാക്കി.
ശശി തരൂർ പാർട്ടിക്ക് വിധേയനാകണമെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി പടവെട്ടാനൊരുങ്ങരുത്.തരൂർ വിവാദത്തില്‍ മറുപടി പറയേണ്ടത് ദേശീയ നേതൃതമാണെന്ന് പറഞ്ഞൊഴിഞ്ഞു പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുളള സര്‍ക്കാരിന്റെ നയതന്ത്രനീക്കവുമായി സഹകരിക്കുമെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സര്‍ക്കാര്‍ സംസാരിച്ചത് പേരുകള്‍ പുറത്തുവന്നശേഷം മാത്രമാണ്. സംഘാംഗങ്ങളെ കുറിച്ച് കേന്ദ്രം അതാത് പാര്‍ട്ടികളോട് നേരത്തെ ആലോചിക്കേണ്ടിയിരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന സര്‍വകക്ഷി സംഘം അടുത്തയാഴ്ച സന്ദര്‍ശനം തുടങ്ങും. ശശി തരൂര്‍ അടക്കം ഏഴ് എം.പിമാരാണ് സംഘങ്ങളെ നയിക്കുന്നത്. യു.എസ്, യു.കെ., യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, യു.എ.ഇ., ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കാണ് ഇന്ത്യ സര്‍വകക്ഷി സംഘത്തെ അയക്കുന്നത്. എം.പിമാരായ ശശി തരൂര്‍, രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ നയിക്കുന്ന സംഘങ്ങളില്‍ അഞ്ച് അംഗങ്ങള്‍ വീതം ഉണ്ടാവും. എം.പിമാരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും അസദുദീന്‍ ഒവൈസി, സല്‍മാന്‍ ഖുര്‍ഷിദ്, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ അംഗങ്ങളാണെന്ന് സൂചനയുണ്ട്. ഭീകരവാദത്തിനെതിരായ രാജ്യത്തിന്‍റെ നിലപാട് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുകയാണ് സര്‍വകക്ഷി സംഘത്തെ അയക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘങ്ങളെ നയിക്കുന്നവരുടെ പേരുകള്‍ പങ്കുവച്ചുകൊണ്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഓരോ സംഘത്തിന്‍റെയും സന്ദര്‍ശനം 10 ദിവസംവരെ നീളും. പുറപ്പെടും മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ കോണ്‍ഗ്രസ് നിര്‍ദേശിച്ച ഗൗരവ് ഗൊഗോയെ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗൊഗോയുടെ ഭാര്യ പാക്കിസ്ഥാനിലെ എന്‍.ജി.ഒയില്‍നിന്ന് ശമ്പളം വാങ്ങിയിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ഗൊഗോയിയെ ഒഴിവാക്കണം എന്നുമാണ് ആവശ്യം. അതിനിടെ ഇന്ത്യക്ക് സമാനമായി പാക്കിസ്ഥാനും എംപിമാരുടെ സംഘത്തെ മറ്റു രാജ്യങ്ങളിലേക്ക് അയക്കാൻ തീരുമാനിച്ചു. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശരാജ്യങ്ങൾ സന്ദർശിക്കുക. അതേസമയം ധനസഹായം നല്‍കാന്‍ പാക്കിസ്ഥാന് മുന്നില്‍ കര്‍ശന ഉപാധികള്‍വച്ചു IMF. വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണമെന്നതാണ് പ്രധാന ആവശ്യം. ഇതില്‍ 1,07,000 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കണം എന്നതുള്‍പ്പെടെ പുതിയതായി ഉള്‍പ്പെടുത്തിയത് 11 നിബന്ധനകള്‍. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചാല്‍ ധനസഹായത്തെ ബാധിക്കുമെന്നും IMF വ്യക്തമാക്കി