ദിവേന്ദര്‍ സിങ് ധില്ലന്‍, ജ്യോതി മല്‍ഹോത്ര (Image Credit: Social Media)
പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറിയ ആറുപേര്‍ പിടിയില്‍. ഒരു യു ട്യൂബറും വിദ്യാര്‍ഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മല്‍ഹോത്ര, ഗുസാല, യമീന്‍ മുഹമ്മദ്, ദിവേന്ദര്‍ സിങ് ധില്ലന്‍, അര്‍മര്‍ എന്നിവരെയടക്കമാണ് പിടികൂടിയത്.
ഹരിയാനയിലെ പട്യാലയില്‍ ഖൽസ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായണ് അറസ്റ്റിലായ ദിവേന്ദര്‍ സിങ് ധില്ലന്‍. മെയ് 12 ന് ഇയാള്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പിസ്റ്റളുകളുടെയും തോക്കുകളുടെയും ഫൊട്ടോകൾ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും പിന്നാലെ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി പാകിസ്ഥാനിലേക്ക് പോയതായും പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ യുവാവ് പങ്കുവെച്ചതായും കണ്ടെത്തുകയായിരുന്നു.
പട്യാല സൈനിക കന്റോൺമെന്റിന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങൾ പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി യുവാവ് പങ്കിട്ടതായി പൊലീസ് പറഞ്ഞു. ഇതിനായി പാകിസ്ഥാന്‍ യുവാവിന് ധാരാളം പണം കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവാവിന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പണമിടപാടുകളുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്.
അറസ്റ്റിലായ മറ്റരൊള്‍ ഹിസാർ ആസ്ഥാനമായുള്ള വനിതാ ട്രാവൽ ബ്ലോഗര്‍ ജ്യോതി മൽഹോത്രയാണ്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് യുവതി. ഇവര്‍ 2023 ൽ രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലും ജ്യോതി മൽഹോത്ര നടത്തുന്നുണ്ട്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചുകിടക്കുന്ന ചാര ശൃംഖലയുടെ ഭാഗമാണ് ജ്യോതി മൽഹോത്രയെന്ന് പൊലീസ് പറയുന്നു. നേരത്തെ ഹരിയാനയില്‍ സമാനകുറ്റത്തിന് 24 കാരനായ നൗമാൻ ഇലാഹിക്ക് അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇയാള്‍ ഉത്തർപ്രദേശ് സ്വദേശിയാണ്.