എവറസ്റ്റ് കീഴടക്കാന്‍ പോയ ഇന്ത്യക്കാരന്‍ മരണപ്പെട്ടു. എവറസ്റ്റ് കൊടുമുടി കയറിയ ശേഷം ഇയാള്‍ മടങ്ങിവരാന്‍ കൂട്ടാക്കിയില്ല എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. മാര്‍ച്ച് മാസം മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ എവറസ്റ്റ് യാത്രയ്ക്കിടെ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് ശുഭ്രത ഘോഷ് എന്ന നാല്‍പത്തിയഞ്ചുകാരന്‍. ഫിലിപ്പിന്‍സ് സ്വദേശിയായ മറ്റൊരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ചയാണ് ശുഭ്രത മരണപ്പെട്ടതെന്നാണ് വിവരം. ഹില്ലറി സ്റ്റെപ്പ് വരെ തിരിച്ചെത്തിയശേഷം കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം ഇയാള്‍ മടങ്ങിയില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡെത്ത് സോണ്‍ എന്നാണ് ഹില്ലരി സ്റ്റെപ്പ് അറിയപ്പെടുന്നത്. 8000 മീറ്റര്‍ ഉയരത്തിലാണ് ഹില്ലരി സ്റ്റെപ്പ്. ഇവിടെ വായുസഞ്ചാരം പോലും കുറവാണ്. ഇയാളുടെ മൃതദേഹം താഴേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ സ്നോവി ഹോറിസോണ്‍ ട്രെക്സ് എന്ന ഏജന്‍സി വഴിയാണ് ശുഭ്രത എവറസ്റ്റിലെത്തിയത്.
സാന്‍ഡിയാഗോ എന്ന നാല്‍പത്തിയഞ്ചുകാരനാണ് ആദ്യം മരണപ്പെട്ട ഫിലിപ്പിന്‍സുകാരന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് സാന്‍ഡിയാഗോ മരിച്ചത്. നാലാമത്തെ ഹൈ ക്യാമ്പായ സൗത്ത് കോളില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. എവറസ്റ്റ് കയറി ഇറങ്ങുമ്പോള്‍ സാന്‍ഡിയാഗോയ്ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. തിരിച്ചിറങ്ങാനാകാത്തവിധം തളര്‍ന്ന അദ്ദേഹം സൗത്ത് കോളില്‍ വിശ്രമിക്കുമ്പോഴാണ് മരണപ്പെട്ടത്.