waterwar

പാക്കിസ്ഥാനെതിരെ വെടിക്കോപ്പുകളെക്കാള്‍ ശക്തിയുള്ള ഇന്ത്യയുടെ ആയുധമാണ് വെള്ളം. സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ച നടപടിക്കെതിരെ രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ തേടാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍. വെള്ളത്തെ യുദ്ധത്തിനുള്ള ആയുധമാക്കരുതെന്ന് പാക് ധനകാര്യമന്ത്രി ആവശ്യപ്പെട്ടു.  അതേസമയം പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാന്‍ കൂടുതല്‍ വൈദ്യുതോല്‍പാദനമടക്കം  പദ്ധതികള്‍ തയാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  

 ബ്രഹ്മോസ് മിസെലിനെപ്പോലെയോ അതിലേറെയോ ശത്രുരാജ്യത്തെ ഭയപ്പെടുത്തുകയാണ് സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കല്‍. നിലപാടില്‍ നിന്ന് പിന്‍മാറണമെന്നും വെള്ളത്തിന്‍മേല്‍ ചര്‍ച്ചയാവാമെന്നും പാക് പ്രധാനമന്ത്രി തന്നെ അഭ്യര്‍ഥിച്ചെങ്കിലും ഇന്ത്യ വഴങ്ങിയിട്ടില്ല.  ഭീകരവാദം അവസാനിപ്പിച്ചാല്‍ വെള്ളം തരാമെന്നാണ് ഇസ്ലമാബാദിനുള്ള മറുപടി.  ചെനാബ് നദിയിലെ രണ്‍ബീന്‍ കനാലില്‍ നിന്ന് കൂടുതല്‍ വെള്ളമെടുക്കാനൊരുങ്ങുകയാണ് ഇന്ത്യ .  നിലവിലെടുക്കുന്ന 40 ക്യുബിക് മീറ്റര്‍ വെള്ളം 150 ക്യുബിക് മീറ്ററായി ഉയരും.  ഇത് പാക് പഞ്ചാബിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കും.സിന്ധു, ഝലം, ചെനാബ് നദികളിൽ വൈദ്യുത പദ്ധതികളുടെ നിര്‍മാണവും ഉടന്‍ തുടങ്ങിയേക്കും. ഇവയില്‍ നിന്നുള്ള വെള്ളം മറ്റ് ഉത്തരേന്ത്യന്‍ നദികളിലേക്ക് വഴിതിരിച്ചുവിടാനാണ് നീക്കം. 

വൈദ്യുതപദ്ധതികളുടെ സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് ഊര്‍ജമന്ത്രാലയം തയാറാക്കിക്കഴിഞ്ഞു എന്നാണ് സൂചന.  രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന പ്രധാനമന്ത്രിയുടെ നിലപാട് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തുമെന്ന് ജല്‍ശക്തി മന്ത്രി സി.ആര്‍ പാട്ടീല്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Water is India’s weapon stronger than bullets against Pakistan. Pakistan is now seeking international support against India’s move to suspend the Indus Waters Treaty. Pakistan’s Finance Minister has urged that water should not be used as a weapon of war. Meanwhile, the central government is preparing new projects, including increased power generation, to reduce water flow to Pakistan