പാക്കിസ്ഥാന് നേരെയുള്ള ആക്രമണം മുന്‍കൂട്ടി അറിയിച്ചെന്ന ആരോപണങ്ങളില്‍ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചത്. വിദേശകാര്യമന്ത്രി പറഞ്ഞത് ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള കാര്യങ്ങളെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ആക്രമണത്തിന്‍റെ തുടക്കത്തില്‍ വിവരം പാക്കിസ്ഥാനെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രി പരസ്യമായി സമ്മതിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ഇത് കുറ്റകരമാണ്. ആരാണ് ഇതിന് അനുമതി നല്‍കിയതെന്നും ഇതുകൊണ്ട് വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടെന്നും രാഹുല്‍ ചേദിച്ചിരുന്നു.
എക്സിലൂടെയാണ് രാഹുൽ ഗാന്ധി വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെതിരെ രംഗത്തെത്തിയത്. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരായ നടപടിയെക്കുറിച്ച് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്ന് എസ്.ജയശങ്കർ പറയുന്ന സ്വകാര്യ ചാനലിന്റെ വിഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്‍റെ ചോദ്യം. ‘ഓപ്പറേഷൻ ആരംഭിക്കുമ്പോൾ തന്നെ, ഞങ്ങൾ പാകിസ്ഥാന് ഒരു സന്ദേശം അയച്ചിരുന്നു, ഭീകരവാദ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്നും സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നില്ലെന്നും. അതിനാൽ സൈന്യത്തിന് ഓപ്പറേഷനില്‍ ഇടപെടാതിരിക്കാനുമുള്ള ഓപ്ഷൻ ഉണ്ട്. എന്നാല്‍ അവര്‍ ആ ഉപദേശം സ്വീകരിച്ചില്ല’ എന്നാണ് വിഡിയോയില്‍ പറയുന്നത്.
രാഹുല്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്നെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി മറുപടിയുമായി രംഗത്തെത്തിയിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) നടത്തിയ ഫാക്ട് ചെക്ക് പങ്കുവച്ച് രാഹുൽ ഗാന്ധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു ബിജെപി വക്താവിന്‍റെ ആരോപണം. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വിഡിയോ എന്നും അദ്ദേഹം ഈ പ്രസ്താവന നടത്തിയിട്ടില്ലെന്നുമായിരുന്നു പിഐബി പോസ്റ്റിൽ പറഞ്ഞത്.