വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സര്‍വീസ് സേവനം നല്‍കുന്ന ടര്‍കിഷ് കമ്പനി സെലെബിക്കുള്ള സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലെ പാസഞ്ചർ, കാർഗോ ടെർമിനലുകളിൽ പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് അനുമതി നിഷേധിച്ചത്.
സെലെബി എയര്‍പോര്‍ട്ട് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മറ്റു രണ്ടു സെലെബി കമ്പനികളുമാണ് ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് ജോലികള്‍ ചെയ്യുന്നത്.
വിമാനങ്ങളുടെ കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പാക്കുന്ന ഗ്രൗണ്ട് ഹാൻഡ്‍ലിങ് ജോലികളാണ് കമ്പനി നല്‍കുന്നത്. ബാഗേജ്, കാർഗോ, മെയിൽ എന്നിവയുടെ ലോഡിങ്, അൺലോഡിങും യാത്രക്കാരുടെ ചെക്ക്-ഇൻ, ബോർഡിങ്, ഇന്ധന വിതരണം, വിമാന അറ്റകുറ്റപ്പണി, വൃത്തിയാക്കൽ തുടങ്ങിയ ജോലികളുമാണ് കമ്പനിയുടേത്.
അതേസമയം കമ്പനിയുടെ തുര്‍ക്കി ഉടമസ്ഥാവകാശം സംബന്ധിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് സെലെബി പ്രതികരിച്ചു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ മകള്‍ സുമയ്യ എര്‍ദോഗന് കമ്പനിയുമായി ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം. സുമയ്യ എന്നു പേരുള്ള ആരും മാതൃ കമ്പനിയുടെ ഓഹരി ഉടമകളായി ഇല്ലെന്ന് സെലെബി വ്യക്തമാക്കി. കമ്പനിയുടെ ഉടമസ്ഥാവകാശം സെലെബിയോഗ്ലു കുടുംബത്തിന് മാത്രമാണ്. ഉടമകള്‍ രാഷ്ട്രീയ ബന്ധമില്ലാത്തവരെന്നും രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്നതുമായ വ്യോമയാന സേവന കമ്പനിയാണെന്നും സെലെബി അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് പാക് അധീന കശ്മീരിലും ഭീകര ക്യാമ്പുകളില്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ച രാജ്യമാണ് തുര്‍ക്കി. ഇന്ത്യയ്ക്കെതിരെ തുർക്കി നിര്‍മിത ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചിരുന്നു. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത് രാജ്യങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാന് പിന്തുണ നല്‍കിയ തുര്‍ക്കിക്ക് നേരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. തുര്‍ക്കിയിലേക്ക് ബുക്ക് ചെയ്ത ടൂറുകള്‍ റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്, ഇന്ത്യയിൽ വിൽക്കുന്ന മാർബിൾ, ആപ്പിൾ തുടങ്ങിയ തുർക്കി ഉൽപ്പന്നങ്ങൾക്കെതിരെയും പ്രതിഷേധങ്ങളുണ്ട്. ജെഎൻയു ഉൾപ്പെടെ ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പരിപാടികളും റദ്ദാക്കി.