പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ്. യുദ്ധ ടാങ്കിന് മുകളിൽ കയറി സൈന്യത്തെ ഷരീഫ് അഭിസംബോധന ചെയ്തു. സിന്ധുനദീജല ഉടമ്പടിയില്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ദ് റസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ ഇന്ത്യയില്‍ ബഹിഷ്ക്കരണ ആഹ്വാനം ശക്തമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ആദംപൂര്‍ വ്യോമതാവളത്തിലെത്തിയതിന് പിന്നാലെയാണ് ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്‍റെ സിയാല്‍കോട്ട് സൈനികതാവളത്തിലെത്തിയത്. ഒരേസമയം ഭീഷണിയും സന്ധിസംഭാഷണത്തിനുള്ള സാധ്യതയും പറയുന്നു പാക് പ്രധാനമന്ത്രി. ഇനി ആക്രമിച്ചാല്‍ ഇന്ത്യയെ തീര്‍ത്തുകളയും എന്ന് പറഞ്ഞതിന്‍റെ തൊട്ടുപിന്നാലെ സമാധാനചര്‍ച്ചക്ക് സന്നദ്ധമാണെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.
വെള്ളവും കശ്മീരും ചര്‍ച്ച ചെയ്യാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ചു ഷഹബാസ് ഷരീഫ്. ഇതിനിടെ പാക് ഭീകരസംഘടനയായ ടിആര്‍എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കി. ഇതിനായി ഇന്ത്യന്‍ സംഘം ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി. യുഎന്‍ രക്ഷാസമിതിക്ക് കീഴിലുള്ള ഉപരോധ സമിതിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയെ ആക്രമിക്കാന്‍ കൂട്ടു നിന്ന തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരായ പ്രതിഷേധം രാജ്യത്ത് ശക്തിപ്പെടുകയാണ്. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രാ ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിങ്ങുകളും വ്യാപകമായി റദ്ദാക്കപ്പെടുകയാണെന്ന് വിവിധ ബുക്കിങ് സൈറ്റുകള്‍ വ്യക്തമാക്കി.