PTI Photo
പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരസംഘത്തിലൊരാളെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചെന്ന് സൂചന. പുല്‍വാമയില്‍ നടന്ന ഓപറേഷന്‍ നാദറിലാണ് ത്രാല്‍ സ്വദേശിയും പഹല്‍ഗാം ഭീകരനുമായ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതേസമയം, കൊല്ലപ്പെട്ടത് ആസിഫ് ഷെയ്ഖ് ആണെന്ന കാര്യത്തില്‍ സൈന്യം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
നാദറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നും മൂന്ന് ഭീകരരെ വധിച്ചുവെന്നും കശ്മീര്‍ സോണ്‍ പൊലീസ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചിരുന്നു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആസിഫ് ഷെയ്ഖിന്‍റെ വീട് പ്രാദേശിക ഭരണകൂടം സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഷോപിയാനില്‍ നടത്തിയ ഓപറേഷന്‍ കില്ലറില്‍ മൂന്ന് ലഷ്കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ ഷുക്രു കെല്ലര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചിലിനെത്തിയത്. ഭീകരവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
കെല്ലറില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഷാഹിദ് കുട്ടയ്യെ തിരിച്ചറിഞ്ഞിരുന്നു. ഹീര്‍പൊറ സ്വദേശിയായ ഷാഹിദ് 2023ലാണ് ലഷ്കറില്‍ ചേര്‍ന്നത്. 2024 ല്‍ ഡാനിഷ് റിസോര്‍ട്ടില്‍ വെടിവയ്പ്പ് നടത്തിയ കേസിലടക്കം ഷാഹിദ് പ്രതിയാണ്. രണ്ട് ജര്‍മന്‍ വിനോദ സഞ്ചാരികള്‍ക്കും അവരുടെ ഡ്രൈവര്‍ക്കും അന്ന് പരുക്കേറ്റിരുന്നു. ഷാഹിദിന് പുറമെ അദ്നാ ഷാഫി ദറും കെല്ലറില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 2024 ഒക്ടോബര്‍ 18ന് ഇതര സംസ്ഥാന തൊഴിലാളിയെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് ഷാഫി ദര്‍.