പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാന്‍. ബംഗാള്‍ സ്വദേശിയായ ജവാന്‍ പി.കെ.ഷാ അമൃത്സറിലെ അട്ടാരി അതിര്‍ത്തി വഴി രാജ്യത്ത് മടങ്ങിയെത്തി. ഇന്ത്യയുടെ നയതന്ത്ര വിജയമാണ് ബിഎസ്എഫ് ജവാന്‍റെ മോചനം.
പഞ്ചാബിലെ അതിര്‍ത്തിയില്‍നിന്ന് പാക് റേഞ്ചേഴ്സ് കസ്റ്റഡിയെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായ്ക്ക് ഇരുപത്തിരണ്ടാം നാള്‍ മോചനം. രാവിലെ പത്തരയ്ക്ക് ജവാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് വിട്ടുനല്‍കി. നടപടി ക്രമങ്ങള്‍ പാലിച്ചെന്നും കൈമാറ്റം സമാധാനപരമായിരുന്നുവെന്നും ബിഎസ്എഫ് അറിയിച്ചു.
പഞ്ചാബ് ഫിറോസ്പൂരിലെ രാജ്യാന്തര അതിര്‍ത്തി അബദ്ധത്തില്‍ കടന്നതിനെ തുടര്‍ന്നാണ് പി.കെ.ഷായെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ വിളവെടുക്കുകയായിരുന്ന കര്‍ഷകര്‍ക്ക് കാവല്‍ നിന്ന പി.കെ.ഷാ ക്ഷീണം മൂലം സമീപത്തെ മരച്ചുവട്ടിലിരിക്കുമ്പോഴാണ് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത് എന്നാണ് അനൗദ്യോഗിക വിവരം.
ജവാന്‍റെ മോചനം നീണ്ടതോടെ കുടുബാംഗങ്ങള്‍ പഞ്ചാബിലെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയോടെ ബിഎസ്എഫ് ജവാന്‍റെ മോചനം സങ്കീര്‍ണമായി. എന്നാല്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ധാരണയായതോടെ ജവാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരായി.