കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു പരാമര്‍ശം. ഇന്‍ഡോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകള്‍.
‘നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അവർ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷാ പിന്നീടു തിരുത്തി. ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.