അമ്മയെ പിരിഞ്ഞ് തനിച്ചായ ആനക്കുട്ടിയെ ആനക്കൂട്ടത്തോട് ചേർക്കാനുള്ള ശ്രമം വിഫലമായി. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ മധുക്കര റേഞ്ചില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയെ മുതുമലയിലേക്ക് മാറ്റി.
വനംവകുപ്പിന്‍റെ പതിവ് പരിശോധനയ്ക്കിടെയാണ് കൂട്ടം തെറ്റിയ ആനക്കുട്ടിയെ കണ്ടെത്തിയത്. ഫോറസ്റ്റ് വെറ്റിറനറി സർജന്‍റെ നിർദേശപ്രകാരമുള്ള പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മയാനയുള്ള കൂട്ടത്തോട് ചേർക്കാനായിരുന്നു ശ്രമം. റേഞ്ചർ അരുണിന്‍റെ നേതൃത്വത്തിൽ രണ്ടുദിവസമായി പലതവണ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആനക്കൂട്ടം കുട്ടിയെ കൂടെക്കൂട്ടാന്‍ തയാറായില്ല. ഇതോടെ ചീഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതിയോടെ ആന സംരക്ഷണ കേന്ദ്രമായ മുതുമലയിലേക്ക് കുട്ടിക്കൊമ്പനെ മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം കോയമ്പത്തൂർ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്ന് ഇത്തരത്തിൽ മൂന്ന് കുട്ടിയാനകളെ മുതുമലയിലേക്ക് കൊണ്ടുപോയിരുന്നു. കനത്ത ചൂടിനെ കുട്ടിയാന അതിജീവിക്കുകയായിരിക്കും പ്രധാന പ്രതിസന്ധിയെന്ന് വനംവകുപ്പ് വ്യക്തമാക്കി.