പാക്കിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ ലംഘനത്തിനിടെ ഇന്ത്യ – പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ നിര്‍ണായക ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ഇരുവരും ഫോണില്‍ സംസാരിക്കും. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുന്ന ഇന്ത്യയുടെ നിലപാട് ഹോട്ട്‌ലൈന്‍ ചര്‍ച്ചയില്‍ DGMO ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കും. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി രണ്ട് മണിക്കൂറിനകംതന്നെ പാക് സൈന്യം ധാരണ ലംഘിച്ചതില്‍ എതിര്‍പ്പ് അറിയിക്കും. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍റെ വിശദീകരണമെന്താണ് എന്നതും നിര്‍ണായകമാണ്.
ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിനുപിന്നാലെ വെടിനിര്‍ത്തല്‍ അപേക്ഷിച്ച് പാക്കിസ്ഥാന്‍ DGMO ഇങ്ങോട്ടുവിളിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ DGMO ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയിലും ജമ്മു കശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ ഡ്രോണുകൾ കണ്ടതായി ജില്ലാ കലക്ടറും എക്സില്‍ കുറിച്ചിരുന്നു. ആക്രമണ നീക്കങ്ങളോട് ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.