മുഖം രക്ഷിക്കാനുള്ള ആക്രമണങ്ങളാണ് ഇന്നലെ രാവിലെ പാക്കിസ്ഥാൻ നടത്തിയത്. അതിർത്തി മേഖലയിലെ വീടുകൾ, ആശുപത്രികൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവയും ഇന്ത്യൻ സൈനിക സ്ഥാപനങ്ങളും ആക്രമിക്കാൻ ശ്രമിച്ചത് എന്തെങ്കിലും വിജയം ചൂണ്ടിക്കാട്ടി മുഖംരക്ഷിക്കാൻ നടത്തിയ പരിഭ്രാന്തി നിറഞ്ഞ നീക്കമായിരുന്നു. ഇന്ത്യയെ ആക്രമിക്കുമ്പോഴും കൂടുതൽ ശ്രമവും പ്രതിരോധം തീർക്കാൻ വേണ്ടിയാണ് പാക്കിസ്ഥാൻ നടത്തിയത്. പൂർണതോതിലുള്ള യുദ്ധം അവർ ആഗ്രഹിച്ചിരുന്നെങ്കിൽ അതിന് ഇത്രയും കാലതാമസം വേണ്ടിയിരുന്നില്ല. നിലനിൽപ് ചോദ്യം ചെയ്താൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നായിരുന്നു ഒരു ഭീഷണി. ഭയമുള്ളവരും പ്രത്യാഘാതം ഒഴിവാകണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള കളി പോലും ഏതാനും ദിവസങ്ങൾ കൂടി മാത്രമേ തുടരാൻ കഴിയുമായിരുന്നുള്ളൂ. പരാജയപ്പെടുന്നതിനു മുൻപ് അവസാനത്തെ ആയുധം വരെ അവർക്ക് പ്രയോഗിക്കേണ്ടി വരുമായിരുന്നു.
ചൈന എന്തുകൊണ്ടാണ് ആശങ്കപ്പെട്ടത്, അല്ലെങ്കിൽ ഇടപെടാത്തത്? വളരെ നിലവാരം കുറഞ്ഞ ആയുധങ്ങളാണ് അവർ പാക്കിസ്ഥാന് നൽകിയതെന്നതാണ് കാരണം. നിർഭാഗ്യവശാൽ വൈദഗ്ധ്യമില്ലാത്തവരാണ് അത് ഉപയോഗിച്ചത്. തങ്ങളുടെ സൽപ്പേര് പോയാൽ ആഫ്രിക്കയിലേക്കും ലാറ്റിനമേരിക്കയിലേക്കുമുള്ള ആയുധ കയറ്റുമതിക്ക് തന്നെ അതു വിഘാതമാകുമെന്ന് അവർ ഭയപ്പെട്ടു. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയും (സിപിഇസി) അപകടത്തിലാവുമെന്ന് അവർ ഭയന്നു. റാവൽപിണ്ടി, ചക‍്‍ലാല, റഫീഖി എന്നിവിടങ്ങളിലെ 3 പ്രധാന വ്യോമ താവളങ്ങളിൽ ശനിയാഴ്ച രാവിലെ ഇന്ത്യ മിസൈൽ ആക്രമണം നടത്തി. ഇന്ത്യ വ്യോമ മേധാവിത്തം നേടുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. അങ്ങനെ വന്നാൽ പാക്കിസ്ഥാനെ വിഭജിക്കാനുള്ള കരുത്തിലേക്ക് ഇന്ത്യ നീങ്ങുമായിരുന്നു. സാമ്പത്തിക ഇടനാഴിയുടെ നിലനിൽപ്പിന് അതു ഭീഷണിയാകും. പാക്കിസ്ഥാൻ പിന്മാറണമെന്ന് ചൈന ആഗ്രഹിച്ചത് അതുകൊണ്ടാണ്.
പാക്കിസ്ഥാനെ അങ്കലാപ്പിലാക്കിയ മറ്റു 2 കാര്യങ്ങൾ കൂടി ഇതിനിടെ ഉണ്ടായി. ബലൂച് ലിബറേഷൻ ആർമി ശനിയാഴ്ച മാത്രം നിരവധി സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. അതേസമയം, അഫ്ഗാൻ അതിർത്തിയിൽ നിന്നും ഭീഷണിയുണ്ടായി. തുർക്കിയിൽ നിന്നെത്തിയ 20 സൈനികരും മടങ്ങിപ്പോയി. ചുരുക്കത്തിൽ പാക്കിസ്ഥാൻ നാലുവശത്തുനിന്നും വളയപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തു. ഇന്ത്യ സംഘർഷം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ശനിയാഴ്ച രാവിലെ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ ഈ നിലപാടിനെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് അംഗീകരിക്കുകയല്ലാതെ മറ്റൊരു മാർഗവും പാക്കിസ്ഥാനുണ്ടായിരുന്നില്ല. ഇന്ത്യയുടെ 16 ലക്ഷം സൈനികർക്കു മുന്നിൽ പാക്കിസ്ഥാന്റെ 6 ലക്ഷം പേർക്ക് പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ടാണ് പാക്ക് വ്യോമസേനയിലെ സീനിയർ എയർ മാർഷൽ തന്നെ അമേരിക്ക ഇന്ത്യയുടെ മേൽ സമ്മർദം ചെലുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.