pm-modi

അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ചേര്‍ന്നു. പ്രതിരോധ – വിദേശകാര്യമന്ത്രിമാരും സൈനിക നേതൃത്വങ്ങളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യ – പാക് വെടിനിര്‍ത്തലിന്‍റെ ഭാവി അറിയുന്ന ഡിജിഎംഒ തല ചര്‍ച്ച നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പാക്കിസ്ഥാനുമായുള്ള കര വ്യോമ സമുദ്ര അതിര്‍ത്തികളിലെ സാഹചര്യവും സായുധസേനകളുടെ തയാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി 36 മണിക്കൂറിനിടെ വിളിച്ച മൂന്നാമത്തെ യോഗമാണ് ചേര്‍ന്നത്. ഇന്ത്യ – പാക് മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലുമാരുടെ നിര്‍ണായക ഹോട്‌ലൈന്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായുള്ള യോഗത്തിന് പ്രാധാന്യമേറെ. ഇന്ത്യയുടെ കനത്ത തിരിച്ചടിക്കൊടുവില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് DGMO ഹോട്ട്‌ലൈന്‍ ചര്‍ച്ച. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതിനാല്‍ ശക്തമായ താക്കീത് പാക്കിസ്ഥാന് നല്‍കും. ലഫ്. ജനറല്‍ രാജീവ് ഗായിയാണ് ഇന്ത്യന്‍ DGMO. പാക്കിസ്ഥാന്‍റെ 11 വ്യോമതാവളങ്ങള്‍ ബോംബിട്ട് തകര്‍ത്തതോടെയാണ് ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് പറഞ്ഞു. ഇതിനിടെ, പാക്കിസ്ഥാന്‍റെ ഒന്‍പത് വ്യോമതാവളങ്ങളും രണ്ട് റഡാര്‍ സ്റ്റേഷനുകളും തകര്‍ക്കാന്‍ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലടക്കം പ്രയോഗിച്ചെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്. 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം പാക്കിസ്ഥാന്‍റെ തന്ത്രപരമായ ബുദ്ധിയായിരുന്നുവെന്ന പാക് വ്യോമസേനാ ഉപമേധാവി ഔറംഗസേബ് അഹമ്മദിന്‍റെ പരാമര്‍ശം വിവാദമായി. ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ഭീകരര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Prime Minister Narendra Modi chaired a high-level meeting to assess the situation at the border. The meeting was attended by the Defence and External Affairs Ministers, top military officials, and National Security Advisor Ajit Doval. A crucial DGMO-level discussion between India and Pakistan is scheduled for tomorrow at 12 PM to decide the future of the ceasefire agreement.