Army officer Colonel Sofiya Qureshi addresses a press conference
ഇന്ത്യക്ക് നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കടുത്ത പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന്‍, തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നു. ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെങ്കിലും വ്യോമതാവളങ്ങളിലെ ആക്രമണങ്ങളില്‍ സൈനികര്‍ക്ക് പരുക്കു പറ്റി. അതേസമയം പാക്കിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നു എന്ന സൂചനയും വിദേശകാര്യ– പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക്സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധസേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
പടിഞ്ഞാറൻ അതിർത്തിയില്‍ യുദ്ധവിമാനങ്ങളും ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. ശ്രീനഗർ മുതൽ നലിയ വരെ 26 ഇടങ്ങളില്‍ പാക്കിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചു, ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടങ്ങളും സൈനികർക്ക് പരുക്കുമേറ്റു. മറുപടിയായി പാക്കിസ്ഥാന്‍റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. റഫീഖി, മുറീദ്, ചക്‌ലാല, റഹീം യാർ ഖാൻ, സുകൂർ എന്നിവിടങ്ങളിൽ യുദ്ധവിമാനങ്ങളിൽനിന്നാണ് ആക്രമണം നടത്തിയത്. പസ്‌രൂരിലും, സിയാല്‍കോട്ടിലുമുള്ള പാക്കിസ്ഥാന്‍റെ റഡാര്‍ സ്റ്റേഷനുകളും ആക്രമിച്ചു.
നിയന്ത്രണരേഖക്ക് സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലിങ്ങില്‍ ഏതാനും സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. യുദ്ധനീതിക്ക് നിരക്കാത്ത തരത്തില്‍ ആശുപത്രികളും സ്കൂളുകളും പോലും പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന നടപടിയും തുടരുകയാണെന്ന് വിദേശകാര്യസെക്രട്ടറി പറഞ്ഞു. ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളും വ്യോമതാവളങ്ങളും തകര്‍ത്തെന്ന പാക്കിസ്ഥാന്‍റെ വ്യാജപ്രചാരണവും വക്താക്കള്‍ പൊളിച്ചു. തെളിവായി റണ്‍വേകളുടേയും സൈനികരുടേയും തല്‍സമയ ദൃശ്യങ്ങള്‍ പങ്കുവച്ചു. അഫ്ഗാനില്‍ ഇന്ത്യന്‍ മിസൈല്‍ വീണു എന്നതും വ്യാജപ്രചാരണമെന്നും വക്താക്കള്‍.