ഇന്ത്യാ-പാക് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലും രാജസ്ഥാനിലും ഗുജറാത്തിലുമായി വിവിധയിടങ്ങളിൽ പാക് ഡ്രോണുകൾ എത്തുകയും ഷെല്ലിങ് നടത്തുകയും ചെയ്തതായാണ് വിവരം.
കശ്മീർ താഴ്‌വരയിലെ അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക്കിസ്ഥാന്റെ കില്ലർ ഡ്രോണുകൾ എത്തിയതായി കണ്ടെത്തി. ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നു. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മുവിലും ശ്രീനഗറിലും ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും നഗരത്തിൽ ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തുകയും ചെയ്തു.
ഗുജറാത്തിലെ കച്ചിലും നിരവധി ഡ്രോണുകൾ എത്തിയതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വി അറിയിച്ചു. ശ്രീനഗറിലെ ബദാമി ബാഗ് കൻ്റോൺമെൻ്റിന് സമീപം പാക് ഡ്രോൺ ആക്രമണം നടന്നു. ഖന്യാറിൽ ഒരു പാക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തി. ദോഡയിൽ ബ്ലാക്ക്ഔട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെടിനിർത്തൽ ഉറപ്പ് ലംഘിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ശ്രീനഗറിൽ തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശങ്ക പ്രകടിപ്പിച്ചു. "വെടിനിർത്തലിന് എന്താണ് സംഭവിച്ചത്?" എന്ന് അദ്ദേഹം ചോദിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അതിർത്തിയിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.