മെയ് 7 ന് പുലർച്ചെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും നടത്തിയ സായുധാക്രമണം സിന്ദൂര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട കൊടുംഭീകരരുടെ വിവരങ്ങള്‍ പുറത്ത്. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ രണ്ട് ബന്ധുക്കള്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അസ്ഹറിന്‍റെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ഹാഫിസ് മുഹമ്മദ് ജമീല്‍, മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് യൂസഫ് അസ്ഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടവരില്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുല്‍ അസ്ഹര്‍ റൗഫ് ഉണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരെ കൂടാതെ മുദസ്സർ ഖാദിയാൻ ഖാസ്, അബു ഖാലിദ്, മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ടവരില്‍ മുദാസർ, അബു ജുൻഡാൽ എന്നീ പേരുകളിൽ അറിയപ്പെട്ടി മുദാസർ ഖാദിയാന്‍ ഖാസ് ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ പാകിസ്ഥാനിലെ മുരിദ്കെയിൽ സ്ഥിതി ചെയ്യുന്ന മർകസ് തയ്ബ എന്ന ഭീകര ക്യാമ്പിന്റെ ചുമതല ഇയാള്‍ക്കായിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമായിരുന്നു ഇത്. 2008-ലെ മുംബൈ ആക്രമണത്തിൽ ജീവനോടെ പിടിക്കപ്പെട്ട ഭീകരൻ അജ്മൽ കസബ്, ഈ ക്യാമ്പിൽ നിന്നാണ് പരിശീലനം നേടിയതെന്ന് സമ്മതിച്ചിരുന്നു. ഖാസിന്‍റെ സംസ്കാര ചടങ്ങുകൾക്ക് കൊടുംഭീകരന്‍ ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകിയതായും പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസിനും വേണ്ടി ഉന്നത സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചടങ്ങിൽ പങ്കെടുത്തവരിൽ പാകിസ്ഥാൻ ആർമിയിൽ ലഫ്റ്റനന്റ് ജനറൽ പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥനും പഞ്ചാബ് പ്രവിശ്യയിലെ പോലീസ് ഇൻസ്പെക്ടർ ജനറലും ഉൾപ്പെടുന്നു.
ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരമാണ് ഹാഫിസ് മുഹമ്മദ് ജമീൽ. മസൂദ് അസ്ഹറിന്‍റെ മൂത്തസഹോദരിയുടെ ഭര്‍ത്താവാണിയാള്‍. പാകിസ്ഥാനിൽ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ഏകദേശം 100 കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതല ഇയാള്‍ക്കായിരുന്നു. ജെയ്‌ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ആളുകളെ കണ്ടെത്തുകയും ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിക്രൂട്ട്‌മെന്റ്, പരിശീലനം എന്നിവയെല്ലാം ബഹവൽപൂർ ക്യാമ്പിലായിരുന്നു. മസൂദ് അസ്ഹര്‍ ഇവിടെ പതിവായി സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉസ്താദ് ജി എന്നും മുഹമ്മദ് സലിം എന്നും വിളിക്കപ്പെടുന്ന മുഹമ്മദ് യൂസഫ് അസ്ഹർ ജെയ്‌ഷെ മുഹമ്മദ് അംഗമാണ്. മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ കൂടിയായ ഇയാൾ ജെയ്ഷെ മുഹമ്മദിന് വേണ്ടി ആയുധ പരിശീലനം നടത്തിയിരുന്നു. ജമ്മു കശ്മീരിലുടനീളം നിരവധി ഭീകരാക്രമണങ്ങളിലും, 1999-ൽ കാണ്ഡഹാർ വിമാനം തട്ടിക്കൊണ്ടുപോകലിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. അതേസമയം, ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്ന ലഷ്കർ ഭീകരനായിരുന്നു അബു ഖാലിദ്. അഫ്ഗാനിസ്ഥാനിൽ നിന്ന് ലഷ്കർ ഇ തൊയ്ബയ്ക്ക് വേണ്ടി ആയുധങ്ങൾ കടത്തുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചു. ഫൈസലാബാദിൽ നടന്ന അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ജെയ്‌ഷെ ഗ്രൂപ്പിൽ പെട്ട മുഹമ്മദ് ഹസ്സൻ പിഒകെയിലെ ജെയ്‌ഷെ മുഹമ്മദിന്‍റെ ഓപ്പറേഷണൽ കമാൻഡറായിരുന്ന മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനായിരുന്നു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനികരും. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക പ്രാത്ഥന നടത്തിയും പാക്കിസ്ഥാന്‍റെ പതാക പുതപ്പിച്ചും ആയിരുന്നു സംസ്‌കാര ചടങ്ങ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.