യുദ്ധമുഖത്ത് പാക് പ്രത്യാക്രമണങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഇന്ത്യ ഉപയോഗിച്ച പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര എന്ന വിളിപ്പേരുള്ള എസ് 400 . പാക് ഡ്രോണുകളെയും മിസൈലുകളെയും ഞൊടിയിടയില്‍ തകര്‍ക്കുന്ന ഇന്ത്യയുടെ കവചം. എസ് 400 സംവിധാനത്തിന്റെ സവിശേഷതകള്‍ അറിയാം.
ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യന്‍ നിര്‍മിതമായ എസ് 400 , 2014 ല്‍ ചൈനയാണ് ആദ്യമായി ഉപയോഗിച്ചത്. 40000 കോടി രൂപ മുടക്കി 2018 ഒക്ടോബറിലാണ് റഷ്യയില്‍ നിന്ന് 5 യൂണിറ്റ് എസ് 400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങാന്‍ കരാറായത്. നാല് യൂണിറ്റുകള്‍ റഷ്യ കൈമാറി. ഒരു യൂണിറ്റില്‍ നാലു തരം മിസൈലുകളാണ് ഉള്ളത്.
മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, എയര്‍ ക്രാഫ്റ്റുകള്‍ മുതല്‍ യുദ്ധവിമാനങ്ങളെ വരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധമാണിത്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷിയുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരുസമയം 36 ആക്രമണങ്ങളെ വരെ എസ് 400 ചെറുക്കും. എസ് 400 ലെ റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും, കൂടാതെ 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കാനും സാധിക്കും.