murali-naik-soldier

Image: x.com/governorap

ജമ്മുകശ്മീരില്‍ പാക്  ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവയ്പ്പിനിടെ വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്ക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തവേയാണ് വീരമൃത്യു. 

ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ലയാണ് മുരളി നായികിന്‍റെ സ്വദേശം. കര്‍ഷക കുടുംബത്തില്‍ നിന്ന് സൈന്യത്തിലെത്തിയ മുരളിക്ക് നിയന്ത്രണ രേഖയ്ക്കരികിലാണ്  പോസ്റ്റിങ് ലഭിച്ചിരുന്നത്. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു. ധീര ജവാന്‍റെ ഭൗതിക ശരീരം നാളെ ആന്ധ്രയിലെ ഗ്രാമത്തിലെത്തിക്കും. 

ബുധനാഴ്ച പൂഞ്ച് സെക്ടറിലും സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ശര്‍മയാണ് പൂഞ്ച് സെക്ടറില്‍ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഹരിയാനയിലെ പല്‍വാന സ്വദേശിയായ ദിനേശ് കുമാറിന് മാരകമായി പരുക്കേല്‍ക്കുകയായിരുന്നു. 12 സാധാരണക്കാരും ബുധനാഴ്ച പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:

27-year-old soldier Murali Naik from Andhra Pradesh was martyred in a Pakistan firing incident near the LoC in Jammu and Kashmir. He sustained critical injuries and succumbed while arrangements were being made to airlift him to Delhi for treatment.