ജമ്മുകശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നതിനിടെയാണ് ജയ്ഷെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഭീകരര്‍ എത്തിയതെന്ന് ബിഎസ്എഫ് ജമ്മു എക്സില്‍ കുറിച്ചു. ജമ്മുവിലെയും പഠാന്‍കോട്ടിലെയും ഉധംപുറിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്നും നീക്കം പരാജയപ്പെടുത്തിയെന്നും സൈന്യം വ്യക്തമാക്കി.
അതിനിടെ, ജമ്മു കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചു. ജമ്മു, ഉധംപുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. വ്യോമ–റോഡ് ഗതാഗതം തടസപ്പെട്ടതോടെ പ്രദേശത്ത് കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരെ സ്വന്തം സ്ഥലങ്ങളിലെത്തിക്കുന്നതിനായാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതെന്ന് റെയില്‍വേ അറിയിച്ചു.
അതിര്‍ത്തിയിലെ പാക് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ആശങ്കയേറിയതോടെയാണ് റെയില്‍വേയുടെ നീക്കം. ഐപിഎല്‍ മല്‍സരത്തിനായി ധരംശാലയിലെത്തി കുടുങ്ങിയ ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് താരങ്ങളെ സുരക്ഷിതരായി തിരികെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കുമെന്ന് ബിസിസിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. താരങ്ങളെ ഉനയില്‍ നിന്നുമാകും ഡല്‍ഹിയിലെത്തിക്കുക. കളിക്കാര്‍ക്ക് പുറമെ മാച്ച് ഒഫിഷ്യലുകള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, ബ്രോഡ്കാസ്റ്റ് ക്രൂ എന്നിവരെയും ഈ ട്രെയിനില്‍ ഡല്‍ഹിയില്‍ എത്തിക്കും. പാക് ആക്രമണത്തിന് പിന്നാലെ ധരംശാലയിലെ മല്‍സരം ഇടയ്ക്ക് വച്ച് നിര്‍ത്തിയിരുന്നു. മല്‍സരം 10 ഓവറുകള്‍ പിന്നിട്ട ശേഷമായിരുന്നു ഉപേക്ഷിച്ചത്.