പ്രതീകാത്മക ചിത്രം
അതിര്‍ത്തിയില്‍ ഇന്ത്യ– പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ യാത്രക്കാര്‍ വിമാനങ്ങൾ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഉത്തരവ് കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണിത്. സുഗമമായ ചെക്ക്-ഇൻ, ബോർഡിങ് നടപടികള്‍ക്കായി ഷെഡ്യൂൾ ചെയ്ത പുറപ്പെടലിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അതത് വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്നാണ് നിര്‍ദേശം. ചെക്ക്-ഇൻ കൗണ്ടറുകൾ പുറപ്പെടലിന് 75 മിനിറ്റ് മുമ്പ് അടയ്ക്കും. വിമാനക്കമ്പനികളും വിമാനത്താവളങ്ങളും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെല്ലാം ജാഗ്രത തുടരുകയാണ്.
സംഘര്‍ഷം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള 27 വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ഡ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, കുളു, ഗഗ്ഗൽ, ധരംശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്‌കോട്ട്, പോര്‍ബന്തര്‍, കണ്ഡല, കേശ്ബോധ്, ഭുജ്, ഗ്വാളിയോര്‍, ഹിൻഡൻ വിമാനത്താവളങ്ങളാണ് അടച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ തുടങ്ങി ഏതാനും വിദേശ വിമാനക്കമ്പനികളടക്കം വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച ഇന്ത്യൻ വിമാനക്കമ്പനികൾ 430 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. രാജ്യത്തിന്റെ ഷെഡ്യൂൾ ചെയ്ത സർവീസുകളുടെ 3 ശതമാനമാണിത്.
അതേസമയം പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. രാജ്യത്തിന് നേരെ നടക്കുന്ന പാക്ക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനൊപ്പമാണ് ഇന്ത്യയുടെ തിരിച്ചടി. പാക്കിസ്ഥാനിലെ നാലു നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ലഹോറിലും ഇസ്‌ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമാണ് ആക്രമണം നടന്നത്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെയും വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. പഞ്ചാബിലെ ആദംപുര്‍ എയര്‍ബേസിനു നേരെയും പാക് ആക്രമണനീക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഉധംപുരില്‍ പാക്കിസ്ഥാന്‍ ആക്രമണനീക്കമുണ്ടായി. പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷനുസമീപവും വന്‍ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്.