himanshi-press-meet-cyber-attack

പഹല്‍ഗാമില്‍ ഭീകരര്‍ കൊലപ്പെടുത്തിയ ഭർത്താവിന്‍റെ മൃതദേഹത്തിനരികിൽ തകര്‍ന്നിരിക്കുന്ന ഹിമാന്‍ഷി നര്‍വാളിന്‍റെ ചിത്രം രാജ്യത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയ ചിത്രമായിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകള്‍ ആക്രമിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സായുധസേനാ ദൗത്യത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ സൈന്യത്തിനും നന്ദി പറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവേ ധരിച്ച വസ്ത്രത്തിന്‍റെയും മേക്കപ്പിന്‍റെയും പേരില്‍ വീണ്ടും സൈബര്‍ ആക്രമണം നേരിടുകയാണ് ഹിമാന്‍ഷി.

പാക്കിസ്ഥാന്‍ അര്‍ഹിക്കുന്ന മറുപടിയാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരായ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. ജീവനുവേണ്ടി കേണപേക്ഷിച്ചപ്പോള്‍ മോദിയോട് പോയി പറയൂ എന്നാണ് അവര്‍ പറഞ്ഞത്. അതിനുള്ള മറുപടി അവര്‍ക്ക് കിട്ടിയെന്നുമാണ് ഹിമാന്‍ഷി പ്രതികരിച്ചത്. പഹല്‍ഗാം ആക്രമണത്തിന് പകരംചോദിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. പക്ഷേ വിനയ് അടക്കം 26 പേര്‍ നമുക്കൊപ്പമില്ലല്ലോ എന്ന വിഷമമുണ്ട് എന്നും ഹിമാന്‍ഷി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. എന്നാല്‍ അപ്പോളും ചിലരുടെ ശ്രദ്ധ ഹിമാന്‍ഷിയുടെ വസ്ത്രധാരണത്തിലായിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍.

‘എന്തിനാണ് ഇത്രയധികം മേക്കപ്പും ലിപ്സ്റ്റിക്കും. ‌‌നമ്മുടെ സംസ്കാരം ഇതല്ല. സ്വന്തം സൗന്ദര്യം നോക്കാന്‍ കുറച്ച് ദിവസമോ മാസമോ കാത്തിരിക്കൂ’ എന്നാണ് എക്സില്‍ ഹിമാന്‍ഷിക്കെതിരെ ഒരാള്‍ കുറിച്ചത്. ‘ഭർത്താവിനെ നഷ്ടപ്പെട്ടിട്ട് വെറും 15 ദിവസമേ ആയിട്ടുള്ളൂ, മേക്കപ്പ് നിറഞ്ഞ മുഖം നോക്കൂ’ എന്ന് മറ്റൊരാളും കുറിച്ചു. ‘ഇന്നത്തെ പെൺകുട്ടികൾക്ക് എന്താണ് കുഴപ്പം? പ്രിയപ്പെട്ട ഒരാളുടെ മരണശേഷം എന്താണ് ഇത്ര മേക്കപ്പ്’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 

ഇതാദ്യമായല്ല പഹല്‍ഗാമിന് ശേഷം ഹിമാന്‍ഷി സൈബര്‍ ആക്രമണം നേരിടുന്നത്. നേരത്തെ, പഹല്‍ഗാം ആക്രമണത്തിന്‍റെ പേരില്‍ ആരും മുസ്ലിംങ്ങൾക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഒരുവിഭാഗം ഹിമാന്‍ഷിക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ വലിയ തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളുമാണ് ഹിമാന്‍ഷിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നത്. ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ പോലും ലഭിക്കാനുള്ള അര്‍ഹത ഹിമാന്‍ഷിക്ക് ഇല്ലെന്നുമുള്ള അധിക്ഷേപങ്ങളും സോഷ്യല്‍മീഡിയയിലുണ്ടായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിംങ്ങൾക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹിമാന്‍ഷിയുടെ വാക്കുകള്‍. ‘രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് എന്‍റെ ആഗ്രഹം. അദ്ദേഹം എവിടെയായിരുന്നാലും സന്തോഷവാനായും ആരോഗ്യവാനായും തുടരണം. ഇതിന്‍റെ പേരില്‍ ആളുകള്‍ മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മതി. സമാധാനം മാത്രം. പക്ഷേ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി ലഭിക്കണം’, എന്നായിരുന്നു ഗവേഷക വിദ്യാര്‍ഥിനിയും ഗുരുഗ്രാം സ്വദേശിയുമായ ഹിമാന്‍ഷിയുടെ വാക്കുകള്‍. സൈബര്‍ ആക്രമണത്തിന് പിന്നാലെ, തന്‍റെ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നു. അത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും ഹിമാന്‍ഷി വ്യക്തമാക്കിയിരുന്നു. 

ഏപ്രില്‍ 16 നായിരുന്നു കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്‍റെയും ഹിമാംശിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാംദിവസം ഹണിമൂണിനിടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഹിമാന്‍ഷിയുടെ കണ്‍മുന്നില്‍ വിനയ് നര്‍വാളിനെ ഭീകരര്‍ വെടിവച്ചിട്ടത്. ഭർത്താവിന്‍റെ മൃതദേഹത്തിനരികിൽ തകര്‍ന്നിരിക്കുന്ന ഹിമാന്‍ഷി നര്‍വാളിന്‍റെ ചിത്രം രാജ്യത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു. ഗുരുഗ്രാം സ്വദേശിയായ ഹിമാന്‍ഷി ഗവേഷക വിദ്യാര്‍ഥിയാണ്.

ENGLISH SUMMARY:

Himanshi Narwal, whose tearful photo beside her martyred husband Vinay Narwal shook the nation, is once again targeted—this time by cyberattacks for her appearance during a media statement after Operation Sindoor. Despite her loss and clear calls for peace, Himanshi faces cruel trolling and personal attacks online.