S-400 missile defence system (ANI)
രാജ്യത്തെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചതിനുള്ള മറുപടിയായി വീണ്ടും തിരിച്ചടിച്ചതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലെ ലഹോറിലെ പാക്ക് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകര്‍ത്തതായും നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നും കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചു. 15 കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തുവെന്നും അതേനാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്.
സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ജമ്മുകശ്മീരിലെ അവന്തിപുര, ശ്രീനഗർ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, രാജസ്ഥാനിലെ നൽ, ഫലോഡി, ഉത്തർലൈ, ഗുജറാത്തിലെ ഭുജ് എന്നീ 15 നഗരങ്ങളിലെ സൈനികകേന്ദ്രങ്ങളാണ് പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് പറയുന്നത്. 15 കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തുവെന്നും അതേനാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായി എസ്–400 വ്യോമപ്രതിരോധ സംവിധാനമാണ് ഉപയോഗിച്ചത്.
എന്താണ് സുദര്‍ശനചക്ര?
എസ്–400 വ്യോമ പ്രതിരോധ സംവിധാനമാണ് ‘സുദർശൻ ചക്ര’ എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനങ്ങളിൽ ഒന്നായ ഇവ റഷ്യയിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. യുഎസിന്റെ ഉപരോധ ഭീഷണി മറികടന്നാണ് 2018ൽ റഷ്യയിൽ നിന്ന് അഞ്ച് എസ്–400 യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ കരാറിൽ ഒപ്പുവയ്ക്കുന്നത്. 600 കിലോമീറ്റർ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനും 400 കിലോമീറ്റർ വരെ അകലെ വച്ച് അവയെ തകർക്കാനും ശേഷിയുള്ള സംവിധാനമാണിത്. നിലവിൽ ജമ്മു കശ്മീരിലെ പഠാൻകോട്ടിലും രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലുമാണ് സുദര്‍ശനചക്ര വിന്യസിച്ചിട്ടുള്ളത്. വിമാനങ്ങൾ, ഡ്രോണുകൾ മുതൽ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ വരെ തകര്‍ക്കാന്‍ ഇവയ്ക്കാകും. ഒരേസമയം 100-ലധികം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും കഴിയും.
പാക് ആക്രമണത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ലഹോറിലെ പാക് റഡാര്‍ സംവിധാനം ഇന്ത്യന്‍ സേന തകര്‍ത്തതായും വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിശദീകരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യമിട്ടില്ലെന്നും ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പാക് പ്രകോപനം തുടര്‍ന്നാല്‍ ഉചിതമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.