**EDS: GRAB VIA PTI VIDEOS** New Delhi: Union Ministers Rajnath Singh, Amit Shah, J P Nadda and Kiren Rijiju during an all-party meeting being held over Operation Sindoor, in New Delhi, Thursday, May 8, 2025. (PTI Photo) (PTI05_08_2025_000051A)
ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. അതേസമയം, രാജ്യസുരക്ഷയ്ക്ക് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ സന്ദേശം സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സ്ഥിതി പ്രതിരോധമന്ത്രി വിശദീകരിച്ചു.
സൈന്യത്തിനും സര്‍ക്കാരിനും പൂര്‍ണ പിന്തുണയെന്ന് രാഹുല്‍ ഗാന്ധി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കൂടുതല്‍ തുറന്നുപറയാനാകില്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചെന്നും രാഹുല്‍. യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സര്‍വകക്ഷിയോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂരിന് തിരിച്ചടിയായി ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ആഗോള ഭീകരസംഘടന അല്‍ ഖായിദ. നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഒരു സൈനികനടക്കം 14 പേര്‍. പാക്കിസ്്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍, രാജ്യത്തിന്‍റെ അതിരുകളില്‍ പ്രതിരോധ കോട്ട കെട്ടി സര്‍വസജ്ജരാണ് സായുധസേനകള്‍. ലഹോറിലും കറാച്ചിയിലും ഉഗ്രസ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്ന് വ്യക്തമാക്കുന്നതാണ് അല്‍ ഖായിദയുടെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യന്‍ മറുപടിയില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികളെന്നാണ് അല്‍ ഖായിദ വിശേഷിപ്പിക്കുന്നത്. ഭീകരസംഘടനയുടെ വെല്ലുവിളിയെ രാജ്യത്തെ സുരക്ഷാ നേതൃത്വങ്ങള്‍ തള്ളിക്കളഞ്ഞു. അതിനിടെ, ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിശദീകരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തിനെത്തി. ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം കേന്ദ്രമന്ത്രിമാര്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ചു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും പാക് സൈന്യം ഇന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കി.
തിരിച്ചടിക്ക് കരസേനയുടെ യൂണിറ്റുകള്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നു. പാക്ക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ കുട്ടികളടക്കം 13 നാട്ടുകാര്‍ കൊല്ലപ്പെട്ടെന്നും 44 പേര്‍ക്ക് പരുക്കേറ്റെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റ് ജില്ലകളില്‍ പരുക്കേറ്റവരുടെ എണ്ണം 15 ആണ്. പൂഞ്ച് സെക്ടറില്‍ പാക് ഷെല്ലാക്രമണത്തില്‍ ലാന്‍സ് നായിക് ദിനേശ് കുമാര്‍ വീരമൃത്യുവരിച്ചതായി സൈന്യം അറിയിച്ചു. ഷെല്ലാക്രമണം തുടരുന്നതിനാല്‍ ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി ജില്ലകളിലേക്ക് ആംബുലന്‍സുകളും അഗ്നിരക്ഷാ യൂണിറ്റുകളും വിന്യസിച്ചു.
വടക്കന്‍ സംസ്ഥാനങ്ങളിലെ 27 വിമാനതാവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു കശ്മീരിന് പുറമെ. പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത തുടരുകയാണ്. അതിര്‍ത്തി മേഖലകളിലെ സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജില്ലാ കലക്ടര്‍മാര്‍ സൈന്യവുമായും കേന്ദ്ര ഏജന്‍സികളുമായും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ കറാച്ചി, ലഹോര്‍, സിയാല്‍കോട്ട് വിമാന താവളങ്ങള്‍ അടച്ചു. ലാഹോറിലും സിയാല്‍കോട്ടിലും വലിയ സ്ഫോടനശബ്ദം കേട്ടു.
യുദ്ധവിമാനങ്ങള്‍ വലിയ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍, ഉണ്ടാകുന്ന സോണിക് ബൂം പ്രതിഭാസമാണെന്നും ഇന്ത്യ പ്രയോഗിച്ച ലോയിറ്ററിങ് മ്യൂണിഷന്‍ ആണ് സ്ഫോടനത്തിന് കാരണമെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ലഹോറില്‍ തുടരെ ആംബുലന്‍സുകള്‍ പായുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാക്കിസ്ഥാന്‍ പ്രകോപനം വരുംദിവസങ്ങളില്‍ ശക്തമാകുമെന്ന വിലയിരുത്തലിലാണ് സായുധസേനകള്‍. വ്യോമപ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും സര്‍വസജ്ജം. യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും നിരന്തരം വ്യോമ പട്രോളിങ് നടത്തുന്നു. അറബിക്കടലില്‍ സര്‍വസന്നാഹത്തോടെ നാവികസേനയുമുണ്ട്. സാഹസത്തിന് മുതിര്‍ന്നാല്‍ സര്‍വസജ്ജമാണ് ഇന്ത്യയുടെ പ്രതിരോധ സേനകള്‍ എന്ന സന്ദേശം പാക്കിസ്ഥാന് നല്‍കി കഴിഞ്ഞു.