Sam-Manekshaw

മുൻപും തക്കം പാതിരുന്നാണ് ഇന്ത്യ പാക്കിസ്ഥാന് ഇന്ത്യതിരിച്ചടി നൽകിയിട്ടുള്ളത്. ഉചിത സമയത്തേ തിരിച്ചടിക്കൂ എന്ന ദൃഢനിശ്ചയം ആണ് സൈനിക മേധാവി സാം മനേക് ഷായെ ഇന്ത്യ പാക് യുദ്ധത്തിന്‍റെ വിജയശില്‍പിയാക്കിയത്. പ്രധാനമന്ത്രിയെ സ്വീറ്റി എന്ന് വിളിച്ച സൈനിക മേധാവി

കിഴക്കൻ പാക്കിസ്ഥാന്‍റെ മോചനം മാത്രമായിരുന്നില്ല 1971ലെ യുദ്ധത്തില്‍ ഇന്ത്യയുടെ ലക്ഷ്യം. സ്വന്തം സുരക്ഷിതത്വം കൂടിയായിരുന്നു. 1971 മാർച്ച് 18നു അധികാരത്തിലെത്തിയ ഇന്ദിര ഗാന്ധി മാര്‍ച്ച് 25ന് സൈനിക ഇടപെടലിനെപ്പറ്റി മനേക് ഷായുമായി ചര്‍ച്ച നടത്തി. സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് മന്ത്രിസഭയോടും മനേക് ഷാ ഇതേ മറുപടി ആവര്‍ത്തിച്ചു. 

പല കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്: തിരഞ്ഞെടുപ്പിനു സുരക്ഷ നൽകാൻ പോയ സൈനികവിഭാഗങ്ങൾ തിരിച്ചെത്തിയിട്ടില്ല. ഏപ്രിൽ–മേയിൽ വടക്കേ ഇന്ത്യയിൽ വിളവെടുപ്പാണ്. ധാന്യം കൊണ്ടുപോകാൻ റെയിൽ വാഗണുകൾ ആവശ്യമായതിനാൽ സൈനികസാമഗ്രികളുടെ നീക്കത്തിനു ലഭിക്കില്ല. അതു കഴിഞ്ഞാൽ മഴക്കാലം. കിഴക്കൻ പാക്കിസ്ഥാനിലെ നദികൾ നിറഞ്ഞൊഴുകുമ്പോൾ ടാങ്കുകൾക്കും കവചിതവാഹനങ്ങൾക്കും നീങ്ങാനാകില്ല. ഹിമാലയത്തിലാകട്ടെ മഞ്ഞുരുകിയ സമയം, കടന്നുകയറ്റം നടത്താൻ ചൈനയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ല. 

പാക്കിസ്ഥാന്റെ പക്കലുള്ള ആധുനിക അമേരിക്കൻ ആയുധങ്ങളോടു കിടപിടിക്കുന്ന ആയുധങ്ങൾ വേണം. ഇന്ത്യൻ സൈന്യം കിഴക്കൻ പാക്കിസ്ഥാനിലേക്കു കടക്കുമ്പോൾ ശത്രുവിന്റെ വെടിപ്പുരകളും മറ്റും തകർക്കാൻ ബംഗാളി ഗറില്ലകളെ പരിശീലിപ്പിച്ചയയ്ക്കണം. ഇതിനെല്ലാം സമയമെടുക്കും. സേനാമേധാവിയുടെ നിലപാട് മിക്ക മന്ത്രിമാരെയും ചൊടിപ്പിച്ചെങ്കിലും പ്രധാനമന്ത്രി മാത്രം അദ്ദേഹത്തിനൊപ്പം നിന്നു. നവംബറോടെ എല്ലാം തയാറായിക്കഴിഞ്ഞപ്പോൾ മനേക്‌‌ഷാ പ്രധാനമന്ത്രിയെ കാണാനെത്തി. 

ആ കൂടിക്കാഴ്ചയെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥ ഇങ്ങനെയാണ്. അടുപ്പമുള്ള സ്ത്രീകളെ തമാശയായി 'സ്വീറ്റി', 'ഡാർലിങ്' എന്നൊക്കെ വിളിച്ചിരുന്ന സാം, വാതിലടച്ചു കുറ്റിയിട്ട ശേഷം പ്രധാനമന്ത്രിയോടു പറഞ്ഞു: ''സ്വീറ്റി, ഞാൻ റെഡി.'' തന്റെ ഓഫിസിൽ ചാരപ്രവർത്തനം നടക്കുന്നുണ്ടെന്ന് ആശങ്കപ്പെട്ടിരുന്ന ഇന്ദിര മിണ്ടരുതെന്ന് ആംഗ്യം കാട്ടി. സാമിന് പറയാനുള്ളത് കടലാസു തുണ്ടില്‍ എഴുതി വാങ്ങി. വായിച്ചശേഷം ആ കടലാസ് ഇന്ദിര കത്തിച്ചുകളഞ്ഞു. ഡിസംബർ 4 എന്നാണ് ആ തുണ്ടിൽ കുറിച്ചിരുന്നതെന്നാണു പറയുന്നത് – യുദ്ധം തുടങ്ങാനുള്ള ദിനം!

അമേരിക്കന്‍ കപ്പല്‍പ്പട എത്തും മുന്‍പേ പാക്കിസ്ഥാനെ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയതിലെ ഓരോ ഘട്ടത്തിലും മനേഷ് ഷായുടെ ഇടപെടല്‍ വ്യക്തമായിരുന്നു. മനേക്‌ ഷാ തന്നെ ഡാക്കയിലെത്തി കീഴങ്ങൽ ചടങ്ങിൽ സംബന്ധിക്കാനാണു പ്രധാനമന്ത്രി ഉപദേശിച്ചത്. എന്നാൽ ആ ബഹുമതിക്കു കിഴക്കൻ കമാൻഡിന്റെ മേധാവി അറോറയാണ് അർഹനെന്ന് മറുപടി നല്‍കി മനേക്‌ ഷാ മറ്റൊരു ഉയരം കൂടി കീഴടക്കി

ENGLISH SUMMARY:

Field Marshal Sam Manekshaw