Image: AFP (Left)
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസം ഇന്ത്യ തിരിച്ചടിച്ചതോടെ ഭീതിയില്‍ പാക്കിസ്ഥാന്‍. കൂടുതല്‍ തിരിച്ചടി ഭയന്ന് പാക് പഞ്ചാബിലെ ബഹവല്‍പുരില്‍ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പള്ളികളും മദ്രസകളും ഒഴിപ്പിച്ചു. ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ , അഞ്ചിടങ്ങളില്‍ ആക്രമണം നടന്നുവെന്ന് ആരോപിച്ചു. ഇന്ത്യ അടിച്ചേല്‍പ്പിച്ച യുദ്ധനടപടിയോട് പ്രതികരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ പ്രതികരണം. പാക്കിസ്ഥാന്‍ സുരക്ഷാസമിതി യോഗം വിളിച്ചു. പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യ നടത്തിയ ആക്രമണം പാക് പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന് പാക് വിദേശകാര്യമന്ത്രി ആരോപിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്നും ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വതമായ ദുഃഖമുണ്ടാക്കുമെന്നും പാക്കിസ്ഥാന്‍ ഭീഷണി മുഴക്കി. ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണെന്ന് ബിലാവല്‍ഭൂട്ടോയും പ്രതികരിച്ചു. ഇന്ത്യന്‍ ആക്രമണത്തെ ചെറുക്കാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു.
Army troops cordon off the emergency area of Victoria hospital after injured victims arrived in Bahawalpur, Punjab province on May 7, 2025. The death toll from Indian strikes on Pakistan has increased to eight, the country's military spokesman said on May 7, as India fired missiles at Pakistani territory and Islamabad vowed to "settle the score". (Photo by Shahid Saeed MIRZA / AFP)
അതേസമയം, അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പൂഞ്ചിലും ശക്തമായ പാക് വെടിവയ്പ് നടന്നു. രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. അതിര്‍ത്തിഗ്രാമങ്ങളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ സ്കൂളുകള്‍ക്ക് ഉള്‍പ്പടെ അവധി പ്രഖ്യാപിച്ചു. ജമ്മു, സാംബ, കത്വ, രജൗറി എന്നിവിടങ്ങളിലെ സ്കൂളുകളും അടച്ചു. ജമ്മുകശ്മീര്‍, ശ്രീനഗര്‍, ലേ, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളും ഇന്ത്യ അടച്ചു.
An army soldier examines a building damaged by a suspected Indian missile attack near Muzaffarabad, the capital of Pakistan controlled Kashmir, in Wednesday, May 7, 2025. (AP Photo/M.D. Mughal)
അതിര്‍ത്തിയില്‍ സൈന്യം സുസജ്ജമാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുക്കമാണെന്നും ഉന്നതസൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലെ എല്ലാവ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് ക്രൂസ്മിസൈലുകളും ഹാമര്‍ ബോബുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയിലിരുന്ന് തല്‍സമയം വീക്ഷിച്ചു. പാക് അധീന കശ്മീരിലെ ഒന്‍പതിടങ്ങളിലുള്ള ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം ഭീകരരെ വധിക്കുകയും ചെയ്തു. ജയ്ഷെ, ലഷ്കര്‍ ശക്തികേന്ദ്രങ്ങളും സൈന്യം മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു.