Image Credit: x.com/MangeshDPhalle

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഭീകര സംഘടനയായ ദി റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ (ടിആർഎഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയില്‍ കന്റോൺമെന്റ് ടൗണില്‍ ലഷ്കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

2023 ല്‍ സെന്‍ട്രല്‍ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്നാഗിലെ ബിജ്ബെഹ്രയിൽ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടർബലിലെ ഇസഡ്-മോർ ടണൽ ആക്രമണം എന്നിവ ഗുല്ലിന്‍റെ ആസൂത്രണത്തില്‍ നടന്നവയാണ്. 2022 ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഇയാളുടെ തലയ്ക്ക് 10 ലക്ഷം വിലയിട്ടിരുന്നു. 

പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിൽ ഗുല്ലിലേക്ക് എത്തുന്ന ബന്ധങ്ങളും ചില ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ടിആർഎഫ് ഏറ്റെടുത്തിരുന്നു. പഠനകാലത്താണ് ഗുല്‍ കേരളത്തിലെത്തുന്നത്. 

ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠിച്ചത്. ശേഷം കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ ഗുല്‍ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

2002 ല്‍ ഭീകരസംഘടനകളുടെ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി ജോലി ചെയ്യുന്നതിനിടെ നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് അഞ്ച് കിലോ ആര്‍ഡിഎക്സുമായി ഗുല്ലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സ്ഫോടന പരമ്പര നടത്താൻ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനമായിരുന്നു ഗുല്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2003 ഓഗസ്റ്റ് 7 ന് 10 വർഷത്തെ തടവിന് ശിക്ഷിച്ച ഗുല്‍ 2017 ലാണ് ജയില്‍ മോചിതനായത്. 

ജയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പാക്കിസ്ഥാനിലേക്ക് ചേക്കേറിയ ഇയാളെ പാക്ക് ചാരസംഘടനയായ ഐഎസ്ഐയാണ് ടിഡിഎഫിന്‍റെ ചുമതലക്കാരനാക്കുന്നത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ലഷ്കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളെ സ്പോൺസർ ചെയ്യുന്നതും സംരക്ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന് രാജ്യാന്തരതലത്തില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനുള്ള ഐഎസ്ഐയുടെ തന്ത്രമായിരുന്നു ടിആർഎഫിന്‍റെ പിറവിക്ക് പിന്നില്‍. 

ഇയാളുടെ സഹോദരന്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. പിന്നീട് ഭീകരവാദത്തിലേക്ക് കടന്ന ഇയാള്‍ 1990കളില്‍ സൗദി അറേബ്യയിലേക്കും പാക്കിസ്ഥാനിലേക്കും ചേക്കേറിയിരുന്നു. നിലവില്‍ ഗൾഫ് രാജ്യങ്ങളില്‍ പലായനം ചെയ്തവരില്‍ നിന്നും ഭീകരവാദത്തിന് ധനസഹായം സമാഹരിക്കുന്നതാണ് ഇയാളുടെ ചുമതല. 

ENGLISH SUMMARY:

TRF chief Sheikh Sajjad Gul, mastermind of the Pahalgam terror attack that killed 26 people, reportedly stayed in Kerala during his student days, according to PTI citing investigators.