ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി. 'പഹൽഗാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും അതിനെത്തുടർന്നുണ്ടായ ഇന്ത്യൻ സൈനിക നടപടിയെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക.1971 ബിയോണ്ട് ബോർഡേഴ്സിലാണ് മേജർ രവിയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.