Image: x.com/adgpi
പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സായുധസേന ദൗത്യത്തിന്‍റെ രണ്ടാമത്തെ വിഡിയോയും പുറത്തുവിട്ട് കരസേന. നിയന്ത്രണരേഖയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭീകരകേന്ദ്രം തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്‌ലിയിലെ ഗുൽപൂർ തീവ്രവാദ ക്യാമ്പാണ് തകര്‍ക്കപ്പെട്ടത്. ലഷ്കറെ തയിബയുടെ താവളവും കണ്‍ട്രോള്‍ സെന്‍ററുമാണ് തകര്‍ത്തതെന്ന് കരസേനയുടെ പോസ്റ്റില്‍ പറയുന്നു. ജമ്മു കശ്മീരിൽ ഭീകരവാദം വളർത്താൻ ലക്ഷ്യമിട്ടുള്ള ക്യാംപാണിതെന്നും പോസ്റ്റില്‍.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സായുധസേന ദൗത്യത്തിലൂടെ പാക്കിസ്ഥാനിലെയും അധിനിവേശ ജമ്മു കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാക്കിസ്ഥാൻ അമിത സാഹസത്തിനു മുതിർന്നാൽ ഇന്ത്യ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പും രാജ്യം നല്‍കിയിട്ടുണ്ട്. 26 പേര്‍ കൊല്ലപ്പെട്ടെന്ന് പാക് സൈനികമേധാവി തന്നെ സ്ഥിരീകരിച്ചു. 26 മനുഷ്യരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ 14–ാം നാളാണ് സായുധസേനയുടെ തിരിച്ചടി.
ഭീകരകേന്ദ്രങ്ങള്‍ മാത്രം കൃത്യമായി ലക്ഷ്യമിട്ട്, ആസൂത്രിതമായ മിസൈല്‍ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പുലർച്ചെ 1:05 മുതൽ 1:30 വരെ 25 മിനിറ്റ് നീണ്ട മിന്നലാക്രമണത്തില്‍ ഭീകര താവളങ്ങള്‍ തകര്‍ന്നടിഞ്ഞു. മൂന്നുപതിറ്റാണ്ടിലേറെയായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച 9 ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ജയ്ഷെ ആസ്ഥാനമായ ബഹവൽപുർ, ലഷ്കറെ ത്വയ്ബ ആസ്ഥാനം മുരിഡ്‌ക്, ഗുല്‍പൂര്‍, സവായ്, ബിലാല്‍, കോട്‌ലി, ബര്‍ണാല, സര്‍ജല്‍, മെഹ്മൂന എന്നിവയാണ് തകര്‍ത്ത ഭീകര ക്യാംപുകള്‍. സൈനിക നടപടിക്ക് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ വനിതാ സൈനികോദ്യോഗസ്ഥര്‍ തന്നെ രാജ്യത്തോട് വിശദീകരിച്ചു.