sindhoor-operation-031

പഹല്‍‌ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലേയും അധിനിവേശ കശ്മീരിലേയും ഒന്‍പത് ഭീകരകേന്ദ്രളിലാണ് ഒാപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം മിന്നല്‍ മിസൈലാക്രമണം നടത്തിയത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമായിരുന്നു ദൗത്യം. മുസാഫര്‍ബാദ്, കോട്‌ലി, ബഹവല്‍പൂര്‍, മുരിദ്കേ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഒന്‍പത്  ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. 12 ഭീകരര്‍ കൊല്ലപ്പെട്ടു. മസൂദ് അസറിന്‍റെയും ഹാഫിസ് സെയ്ദിന്‍റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മുരിദ്കേയിലെ ലഷ്കര്‍ ആസ്ഥാനത്തും ജെയ്ഷെ ശക്തികേന്ദ്രമായ ബഹവല്‍പുരിലും ആക്രമണം. 

റഫാല്‍ വിമാനത്തില്‍ നിന്നുള്ള സ്കാല്‍പ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഭീകരക്യാംപുകള്‍ തകര്‍ത്തത്.  നീതി നടപ്പാക്കപ്പെട്ടുവെന്ന് സൈന്യം എക്സില്‍ കുറിച്ചു.  പാക്കിസ്ഥാന് നല്‍കിയ തിരിച്ചടി ഇന്ത്യന്‍ മണ്ണില്‍ നിന്നെന്നും അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുലര്‍ച്ചെ 1.44നാണ് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ തിരിച്ചടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും  സ്ഥിരീകരിച്ചു. 

അതിര്‍ത്തിയില്‍ കടുത്ത പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍. ഐക്യരാഷ്ട്ര സംഘടനയുടെ പൂഞ്ചിലെ ഫീല്‍ഡ് സ്റ്റേഷന്‍ ലക്ഷ്യമിട്ട് ഷെല്ലാക്രമണം നടത്തുന്നു . ഇന്ത്യന്‍ ആക്രമണത്തില്‍ പരുക്കേറ്റ ഭീകരരെ പാക്  സൈനിക ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് പാക് സൈനിക ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചത്. കശ്മീര്‍ താഴ്​വരയിലും ശ്രീനഗറിലും കനത്തസുരക്ഷ. പാക് രാജ്യാന്തര അതിര്‍ത്തിയിലെ മുഴുവന്‍ വിമാനത്താവളങ്ങളും അടച്ചു.

അതിര്‍ത്തിയില്‍ ശക്തമായ പാക് ഷെല്ലാക്രമണം. പൂഞ്ച് മേഖലയില്‍ ആറുപേരും ഉറി മേഖലയില്‍ ഏഴുപേരും മരിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഏത് സാഹചര്യത്തേയും നേരിടാന്‍ തയാറായി സൈന്യം. അതിര്‍ത്തിയിലെ എല്ലാ വ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാണ്. അതിര്‍ത്തിക്ക് സമീപമുള്ള ‌വിമാനത്താവളങ്ങള്‍ അടച്ചു.

ഇന്ത്യയുടെ ആക്രമണം ഖേദകരമെന്ന് ചൈന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടേത് സ്വയം പ്രതിരോധമെന്ന് ഇസ്രയേല്‍. 

സംഘര്‍ഷം വേഗം അവസാനിക്കുമെന്ന് പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 

ഭീകരരുടെ ക്യാംപുകള്‍ തകര്‍ത്ത സേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സേനയ്ക്കും സര്‍ക്കാരിനുമൊപ്പമാണെന്നും ഖര്‍ഗെ എക്സില്‍ കുറിച്ചു. സൈന്യത്തില്‍ അഭിമാനമെന്ന് രാഹുല്‍ ഗാന്ധി. എന്‍റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് ശശി തരൂര്‍ എം.പി.  പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. 

ENGLISH SUMMARY:

India responded to the Pahalgam terror attack with a lightning missile strike under the name Operation Sindoor targeting nine terror camps located in Pakistan and Pakistan-occupied Kashmir. The mission was carried out after midnight. The attacks took place in locations including Muzaffarabad, Kotli, Bahawalpur, and Muridke. A total of nine terror camps were destroyed, and 12 terrorists were killed. The strikes specifically targeted camps linked to Masood Azhar and Hafiz Saeed. Key targets included the Lashkar headquarters in Muridke and the Jaish stronghold in Bahawalpur.