യുഎന്‍ സുരക്ഷാ കൗണ്‍സിലിന്‍റെ അനൗദ്യോഗിക യോഗത്തില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സുരക്ഷാ കൗണ്‍സില്‍ തള്ളി. ആണവഭീഷണി മുഴക്കിയതിനെയും മിസൈല്‍ പരീക്ഷണത്തേയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിമര്‍ശിച്ചു.
അതിനിടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി യോഗം ചേരും. ചീഫ് സെക്രട്ടറിമാരും സിവില്‍ ഡിഫന്‍സ് മേധാവികളും പങ്കെടുക്കും. അതിനിടെ അതിര്‍ത്തിയില്‍ ഇന്നും പാക് പ്രകോപനം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവയ്പുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം കണ്ടെത്തി. പഞ്ചാബ് പോലീസും കേന്ദ്രസേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ടിബ്ബ നംഗൽ–കുലാർ വനപ്രദേശത്ത് ഒളിപ്പിച്ച നിലയിൽ ആയുധ ശേഖരം കണ്ടെത്തിയത്.
പഞ്ചാബിലെ സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാൻ ഐ.എസ്.ഐയും മറ്റ് ഭീകര സംഘടനകളും നടത്തിയ ഓപ്പറേഷൻ്റെ ഭാഗമാണിതെന്നാണ് പ്രാഥമിക നിഗമനം. 2 റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, 2 ഐഇഡികൾ, 5 പി-86 ഹാൻഡ് ഗ്രനേഡുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് തുടങ്ങിയവയാണ് കണ്ടെത്തിയത്.