husband-beard

സഹീറിന്‍റെയും അര്‍ഷിതയുടെയും വിവാഹ ചിത്രം (ഇടത്). സാബീര്‍ (വലത്).

TOPICS COVERED

ഭര്‍ത്താവ് താടി വടിക്കുന്നില്ല എന്ന കാരണത്താല്‍ ക്ലീന്‍ ഷേവ് ചെയ്യുന്ന ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ഒളിച്ചോടി യുവതി. ഉത്തര്‍‌പ്രദേശിലെ മീററ്റിലാണ് സംഭവം. ഭര്‍തൃസഹോദരനൊപ്പം തനിക്ക് ഇനി ജീവിച്ചാല്‍ മതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കുറവാണെന്നും യുവതി ആരോപിക്കുന്നു. അതുകൊണ്ടുകൂടിയാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. 

ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് സഹീറും അര്‍ഷി എന്ന യുവതിയുടെ വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്‍റെ അന്നുപോലും സഹീര്‍ താടി വടിച്ചിരുന്നില്ല. വെള്ള കുര്‍ത്ത ധരിച്ച് നീണ്ട താടി ചീകിമിനുക്കി വളരെ ലളിതമായ ഒരുക്കത്തോടെയാണ് സഹീര്‍ വിവാഹപ്പന്തലിലെത്തിയത്. അര്‍ഷിയാകട്ടെ പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ സര്‍വാഭരണവിഭൂഷിതയായാണ് എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ താടിയുടെ പേരുപറഞ്ഞ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി.

സഹീറിനോട് താടി വടിച്ചുകളയാന്‍ പലതവണ അര്‍ഷി പറഞ്ഞു. എന്നാല്‍ താടിയുള്ളതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ് സഹീര്‍ അതിന് തയ്യാറായില്ല. ഇത് ഇവര്‍ക്കിടയില്‍ പതിവ് വഴക്കിന് കാരണമായി. അതിനിടെ അര്‍ഷിയും സഹീറിന്‍റെ സഹോദരന്‍ സാബിറും തമ്മില്‍ അടുത്തു. സാബിറിനാകട്ടെ നല്ല ക്ലീന്‍ ഷേവ് മുഖമാണ്. വൈകാതെ സാബിറും അര്‍ഷിയും തമ്മില്‍ പ്രണയം മൊട്ടിട്ടു, രണ്ടുപേരും ഫെബ്രുവരി മാസത്തില്‍ ഒളിച്ചോടി.

പക്ഷേ അര്‍ഷി തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ സഹീര്‍ ഇത്രയുംനാള്‍ കാത്തിരുന്നു. മൂന്നുമാസത്തോളമായിട്ടും സാബിറും അര്‍ഷിയും തിരിച്ചുവരുന്നില്ല എന്ന് കണ്ടതോടെയാണ് സഹീര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. ‘അര്‍ഷിക്ക് എന്‍റെ താടിയെക്കുറിച്ച് പരാതിയുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്നെ അവള്‍ വിവാഹം കഴിച്ചത്. എന്‍റ ഇളയസഹേദരനുമായി അവള്‍ ഒളിച്ചോടി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകള്‍ എന്‍റെ പക്കലുണ്ട്. എനിക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കും, അല്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കു കൊല്ലണം എന്നൊക്കെ ഇരുവരും പദ്ധതിയിട്ടിരുന്നു’ എന്നാണ് സഹീര്‍ പൊലീസിനോട് പറഞ്ഞത്.

സഹീറിന്‍റെ പരാതിക്കു പിന്നാലെ അര്‍ഷി സാബിറുമായി സ്വന്തം വീട്ടിലെത്തി. സഹീറുനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സാബീറിനൊപ്പം കഴിഞ്ഞാല്‍ മതിയെന്നും അര്‍ഷി വീട്ടുകാരോട് പറഞ്ഞു. താടിയുടെ പേരിലല്ല പ്രശ്നം, ലൈംഗിക കാര്യങ്ങളില്‍ സഹീറിന് തീരെ താല്‍പര്യമില്ല, അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല എന്നും അര്‍ഷി പൊലീസിനോടും വ്യക്തമാക്കി. ഇതിനു പിന്നാലെ പൊലീസുകാര്‍ക്കു മുന്നില്‍ വച്ച് സഹീര്‍ അര്‍ഷിയെ മൊഴിചൊല്ലി. തന്‍റെ പക്കല്‍ നിന്നും സ്ത്രീധനമായി കൈപ്പറ്റിയ അഞ്ചുലക്ഷം രൂപ തിരികെ തരണമെന്നാണ് അര്‍ഷി. അതില്‍ രണ്ടര ലക്ഷമെങ്കിലും തിരികെ തന്നാല്‍ മാത്രമേ നിയമപരമായി വിവാഹമോചനത്തിന് താന്‍ തയ്യാറാകൂ എന്നും അര്‍ഷി സഹീറിനോട് പൊലീസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞു.

ENGLISH SUMMARY:

In a bizarre case of marital dispute from Uttar Pradesh's Meerut, a man has claimed his wife left her after he refused to shave his beard. He said she eloped with her "clean-shaven" brother-in-law and now wants to spend the rest of her life with him. The woman has, however, rejected the "beard" claim and said she left her husband because he was "sexually unfit".