അജിത്ത് ഡോവല്‍ എന്ന ഒറ്റയാന്‍ കളത്തിലുണ്ട്. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനുള്ള മുന്നറിയിപ്പാണിത്. എപ്പോഴൊക്കെ ഇന്ത്യ പ്രതിരോധത്തിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു സൂപ്പര്‍ ഹീറോയെപ്പോലെ അവതരിച്ചിട്ടുണ്ട്, ഈ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ശത്രുവിന്‍റെ മര്‍മം നോക്കി പ്രഹരിക്കാന്‍ ശേഷിയുള്ള ഈ ബുദ്ധിരാക്ഷസന് ആരാധകര്‍ക്കിടയില്‍ ഒരു വിളിപ്പേരു തന്നെയുണ്ട്, ജെയിംസ് ബോണ്ട്.
പതിവ് തെറ്റിയില്ല. ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അജിത് ഡോവലിനെ കളത്തിലിറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗങ്ങളില്‍ മാധ്യമങ്ങളുടെ കണ്ണുടക്കിയതും ഈ കറുത്ത കോട്ടുധാരിയിലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഏതു തരത്തിലായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ ഈ വ്യക്തിയ്ക്കു നിര്‍ണായക പങ്കുണ്ട്.
എന്തുകൊണ്ട് ഈ ഓഫിസര്‍ ശ്രദ്ധാകേന്ദ്രമാകുന്നു?. അജിത് ഡോവലിന്‍റെ ഔദ്യോഗിക ജീവിതം മുഴുവൻ സാഹസികവും അദ്ഭുതകരമായ രഹസ്യാന്വേഷണ കൗതുകങ്ങളും നിറഞ്ഞതാണ്. പാക്കിസ്ഥാനിലെ ലഹോറിലെയും കറാച്ചിയിലെയും മുഴുവൻ ടെലിഫോൺ ബൂത്തുകളും എന്തിന് ഇലക്ട്രിക് പോസ്റ്റുകള്‍ പോലും അജിത്ത് ഡോവലിനു കാണാപ്പാഠമാണെന്ന കഥതന്നെയുണ്ട്
പഞ്ചാബ് അമൃതസറിലെ സുവർണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം മനസിലാക്കിയത്. ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഓട്ടോഡ്രൈവറുടെ വേഷത്തിൽ കടന്നുചെന്നു. താനൊരു പാക്കിസ്ഥാൻ ചാരനാണെന്ന് ഖാലിസ്ഥാൻ വാദികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭീകരരുടെ രഹസ്യങ്ങൾ ചോർത്തി സേനയ്ക്കു നല്‍കി. ധീരമായ ഈ സേവനത്തിന് രാജ്യം അജിത്തിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.
കാണ്ഡഹാർ വിമാനം റാഞ്ചലിലും ഇറാഖിൽ ഇന്ത്യൻ നഴ്സുമാരെ ഐഎസ് ബന്ദികളാക്കിയപ്പോഴും ഭീകരന്മാരുമായി സംസാരിക്കാൻ ഇന്ത്യ നിയോഗിച്ചതു ഡോവലിനെത്തന്നെ. 2016 ല്‍ ഉറി ഭീകരാക്രമണത്തിനു ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേൽപ്പിച്ചത്. നിയന്ത്രണരേഖയിൽനിന്നു രണ്ടു കിലോമീറ്റർവരെ ഉള്ളിൽ കടന്ന് നമ്മുടെ സൈന്യം ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോള്‍ വിജയം കണ്ടത് ഡോവിലിന്‍റെ കൃത്യമായ പ്ലാനിങ്. പ്രതിരോധം ഒരിക്കലും വിജയം തരില്ല.. അതായിരുന്നു ഡോവലിന്‍റെ തിയറി. ബംഗ്ലദേശ്, മ്യാൻമർ, തായ്‌ലൻഡ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പല പിടികിട്ടാപ്പുള്ളികളെയും ഇന്ത്യയിലെത്തിച്ചത് ഡോവലിന്‍റെ ബുദ്ധികൂര്‍മതയായിരുന്നു.
ഏഴ് വർഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ചാരൻ. വേഷംമാറി അവിടെ ജീവിച്ച് പാക്കിസ്ഥാന്‍റെ മുക്കും മൂലയും പഠിച്ചെടുത്തു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ഡോവലിന്‍റെ ചരടുവലികള്‍ ഇന്ത്യന്‍ സൈന്യത്തിനു എന്നും മുതല്‍ക്കൂട്ടായിരുന്നു.
ഇന്ത്യയുടെ അഭിമാനമായ അജിത് ഡോവലിന്‍റെ കരിയറിന്‍റെ തുടക്കം നമ്മുടെ സ്വന്തം തലശ്ശേരിയില്‍ നിന്നാണ്. ഉത്തരാഖണ്ഡില്‍ ജനനം. 1968 ല്‍ ഐപിഎസ് ലഭിച്ചു. എഎസ്പിയായി കേരള പൊലീസിൽ സേവനം ചെയ്യുന്നതിനിടയിലാണ് 1971 ല്‍ തലശ്ശേരിയിലെ രണ്ടു വിഭാഗങ്ങൾക്കിടയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. കെ. കരുണാകരനാണ് അന്ന് അഭ്യന്തര മന്ത്രി. കേരള പൊലീസിലെ ഏറ്റവും ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അജിത്ത് ഡോവലിനെയാണു കരുണാകരൻ തലശ്ശേരിയിലേക്കു നിയോഗിച്ചത്. കരുണാകരൻ നൽകിയ ആ കൈനീട്ടം പിഴച്ചില്ല. അന്നു ഡോവലിനു പ്രായം 26. ഇന്ന് 80–ാം വയസ്സിൽ ഇതേ അജിത്ത് ഡോവലിനെത്തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശ്രയിക്കുന്നു.
പാക്കിസ്ഥാനെ, അവരുടെ പാളയത്തിലെത്തി ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ വീരഗാഥയോടൊപ്പം ചേര്‍ത്തു വയ്ക്കുന്ന ഈ പേര് മറക്കണ്ട അജിത് ഡോവല്‍. അടര്‍ക്കളത്തില്‍ ഒരിക്കലും തോല്‍ക്കാത്ത ഈ തേരാളിയുടെ അടുത്ത തന്ത്രം എന്തായിരിക്കും.? വെയ്റ്റ് ആന്‍ഡ് സി...