ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് യു.എസ് വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോടും അദ്ദേഹം ഫോണില്‍ സംസാരിച്ചതായാണ് വിവരം. അന്വേഷണവുമായി സഹകരിക്കണമെന്ന് പാകിസ്ഥാനോട് മാര്‍ക്കോ റൂബിയോ അഭ്യര്‍ഥിച്ചു.
അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കണമെന്നും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കണമെന്നുമാണ് മാര്‍ക്കോ റൂബിയോ പാക് പ്രധാനമന്ത്രിയോട് പറഞ്ഞത്. മാത്രമല്ല, ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഭീകരരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കണമെന്നും ഷഹബാസ് ഷെരീഫിനോട് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഭീകരാക്രമണമുണ്ടായ ബൈസരണ്‍ വാലിയുടെ ത്രിമാന ചിത്രീകരണം നടത്തി എന്‍ഐഎ. അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഭീകരര്‍ എവിടെ വച്ച് എങ്ങനെ വെടിവച്ചു എന്ന് കണ്ടെത്താനും ഇത് സഹായകമാകും. ഇന്നലെ എന്‍ഐഎ സംഘം ബൈസണ്‍വാലി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിമാന ചിത്രീകരണത്തിലേക്ക് നീങ്ങിയത്. ആളുകളെ സ്പോട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കുക എന്നതുകൂടി ഇതിനുപിന്നിലുണ്ട്. കൂടുതല്‍ ആളുകളെ സംഭവസ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യുന്നത് ശ്രമകരമായതിനാലാണിത്.
ഭീകരാക്രമണം നടത്തിയവര്‍ക്കരികെ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രദേശത്തിന്‍റെ ഭൂഘടനയാണ് സൈന്യത്തിന് വെല്ലുവിളിയാകുന്നത്. മലനിരകളും കാടും നിറഞ്ഞിടത്ത് ഭീകരര്‍ അടിക്കടി ഒളിയിടം മാറുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും എന്നാല്‍ ഏതുനിമിഷവും ഭീകരരെ പിടികൂടുമെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.