പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ അരിച്ചുപെറുക്കി സുരക്ഷാസേന. പീര്‍ പഞ്ചല്‍ മലനിരകളിലെ തിരച്ചില്‍ വെല്ലുവിളി നിറഞ്ഞതാണ്. എന്‍ഐഎ മേധാവി സദാനന്ത ദത്തെ പഹല്‍ഗാമിലെത്തി. അതിനിടെ, ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവിയെ പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു.
പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ്ദേശീയരായ സഹായികളെയും തിരയുന്നത്. കശ്മീര്‍ താഴ്‌വരയുടെയും നിയന്ത്രണ രേഖയുടെയും കാവലാളുകളായ ശ്രീനഗര്‍ ആസ്ഥാനമായ പതിനഞ്ചാം കോറിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വിവിധ യൂണിറ്റുകളും സൈന്യത്തിന്‍റെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളും ഒപ്പമുണ്ട്.
26 സാധാരണക്കാരെ വെടിവച്ചുകൊന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുമ്പോള്‍. എന്‍ഐഎ ഭീകരാക്രമണക്കേസില്‍ അന്വേഷണം വിപുലപ്പെടുത്തുകയാണ്. പഹല്‍ഗാം മേഖലയുടെ ത്രിമാന ചിത്രീകരണം നടത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ മേധാവി സദാനന്ത ദത്തെ ഗ്രൗണ്ട് സീറോയിലെത്തി അന്വേഷണത്തിലെ പുരോഗതി ആരാഞ്ഞു.
അതിനിടെ, ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവിയെ പാക്കിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു. ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അസിം മാലിക് ആണ് പുതിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ്. ആദ്യമായാണ് ഐഎസ്ഐ മേധാവി ദേശീയ സുരക്ഷ ഉപദേഷ്ടാവാകുന്നത്.