central-govt-ministers

ജാതിസെന്‍സസ് നടത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. പൊതു സെന്‍സസിന് ഒപ്പം നടത്തുമെന്ന്  പറയുമ്പോഴും അതിന് സമയപരിധി നിശ്ചയിക്കാത്തതില്‍ പലരും സംശയം ഉയര്‍ത്തുന്നുണ്ട്. ഇത്രകാലം ജാതി സെന്‍സസിനോട് മുഖംതിരിച്ച സര്‍ക്കാരിന്‍റെ നയംമാറ്റവും ചര്‍ച്ചയാവും.  

1931 ലെ ജാതി സെന്‍സസിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍. അന്നത്തെ കണക്കനുസരിച്ച് 4147 ജാതി വിഭാഗങ്ങളാണ് രാജ്യത്തുള്ളത്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ അതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പ്. 2011 ല്‍ പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തിയെങ്കിലും നിയമപ്രശ്നങ്ങളും സാങ്കേതിക പിഴവുകളും കാരണം ആ കണക്ക് പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടാണ് ജാതി സെന്‍സസ് എന്ന ഇപ്പോഴത്തെ പ്രഖ്യാപനം ചരിത്രപരമാകുന്നത്. 

അടുത്ത പൊതുസെന്‍സസ് ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പലതവണ ആവശ്യപ്പെട്ടപ്പോഴും മുഖംതിരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ എന്തുകൊണ്ട് ജാതി സെന്‍സസിന് തയാറായി എന്നുചോദിച്ചാല്‍ തല്‌‍ക്കാലം ബിഹാര്‍ തിരഞ്ഞെടുപ്പ് എന്ന് ഉത്തരം പറയേണ്ടിവരും.

ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാകുന്ന ബിഹാറില്‍ ഇത് ഗുണംചെയ്യുമെന്ന് ബിജെപി കരുതുന്നു. ഒപ്പം കോണ്‍ഗ്രസിനെ പ്രതിരോധിക്കാനും സാധിക്കും. മാത്രമല്ല സഖ്യകക്ഷിയായ ജെഡിയു ജാതി സെന്‍സസ് വേണമെന്ന നിലപാടുള്ളവരാണ്. അതിനപ്പുറം മറ്റുചിലതുണ്ടെന്നും അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതിന്‍റെ പൊരുളും വരുംദിവസങ്ങളില്‍ ചര്‍ച്ചയാവും. 

ENGLISH SUMMARY:

The central government's sudden announcement on conducting a caste census alongside the general census has sparked surprise and skepticism. The absence of a timeline and the shift from the previous stance of avoiding such a survey are now matters of public debate.