• ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം
  • നീക്കം ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ
  • സംസ്ഥാനങ്ങള്‍ നടത്തുന്നത് ജാതി സര്‍വേ എന്ന് കേന്ദ്രം

പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പൊതു സെൻസസിനൊപ്പം ജാതി വിവരങ്ങളും ശേഖരിക്കും. ജാതിസെന്‍സസിന് രാഷ്ട്രീയകാര്യ മന്ത്രിതലസമിതി അംഗീകാരം നല്‍കി. സുതാര്യമായിരിക്കും സെന്‍സസ് നടപടികളെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്‍റെ നിര്‍ണായക തീരുമാനം.

ജാതി സെന്‍സസ് കോണ്‍ഗ്രസ്  രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ നടത്തുന്നത് ജാതി സര്‍വേ മാത്രമാണ്. സെൻസസ് കേന്ദ്ര വിഷയമാണ്. സംസ്ഥാനങ്ങൾ സർവെ നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അതിന് സ്വകാര്യതയില്ലെന്നും മന്ത്രി പറഞ്ഞു. ഇത് ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കി. അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 

ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രതിപക്ഷ വെല്ലുവിളി മറികടക്കാനുള്ള കേന്ദ്ര നീക്കമാണിത് എന്നാണ് വിലയിരുത്തല്‍. ബിജെപി സഖ്യകക്ഷിയായ ജെ.ഡി.യു സെന്‍സസിന് അനുകൂലമാണ്.  നേരത്തെ ജാതി സെന്‍സെസ് ആവശ്യം ശക്തമായി ഉന്നയിച്ചത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു. ജാതിസെന്‍സസിനെ നേരത്തെ എതിര്‍ത്തി ബിജെപിയുടെ പുതിയ നീക്കം ഇരട്ടത്താപ്പെന്ന് സി.പി.എം പ്രതികരിച്ചു. പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് എന്നതാണ് സി.പി.എം നിലപാടെന്ന് കെ.രാധാകൃഷ്ണന്‍ എം.പി മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

The Indian Cabinet has decided to conduct a caste census alongside the general census, with approval from the Political Affairs Ministerial Committee. Minister Ashwini Vaishnaw assured transparency in the process, a crucial decision ahead of the Bihar elections.