ഇന്ത്യ–പാക്ക് ബന്ധം വഷളാകുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് നടപടി കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കുമുകളില്‍ പറക്കാന്‍ അനുമതി നല്‍കില്ല. നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാത ഒഴിവാക്കിയിരുന്നു. ഞായറാഴ്ച ഇസ്ലമാബാദില് നിന്നും ക്വലാലംപുറിലേക്ക് പോയ വിമാനം ചൈന, മ്യാന്‍മര്‍, തായ്ലന്ഡ് എന്നിവിടങ്ങളിലൂടെയാണ് ക്വലലംപുറിലെത്തിയതെന്ന് ഫ്ലൈറ്റ് റഡാര്‍ ഡാറ്റ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ നഗരങ്ങളില്‍ നിന്ന് ക്വാലലംപുരിലേക്ക് എത്താന്‍ ഇന്ത്യന്‍ വ്യോമപാത വഴി യാത്ര ചെയ്യുമ്പോള്‍ പരമാവധി വേണ്ടി വരുന്നത് അഞ്ചര മണിക്കൂര്‍ സമയമാണ്. എന്നാല്‍ ചൈനയ്ക്ക് മുകളിലൂടെ പറന്നതോടെ പാക് വിമാനം എട്ടേകാല്‍ മണിക്കൂറിലേറെ എടുത്താണ് ക്വലലംപുരില്‍ ലാന്‍ഡ് ചെയ്തത്.
1800 കിലോമീറ്ററോളമാണ് വിമാനം അധികമായി സഞ്ചരിച്ചത്. അധിക ദൂരം സഞ്ചരിച്ചതോടെ 15000 കിലോ ജെറ്റ് ഇന്ധനവും അധികമായി വേണ്ടിവന്നു. ഒറ്റപ്പറക്കലിന് പാക് വിമാന കമ്പനിക്ക് അധികം ചെലവായത് 12,000 ഡോളറാളമാണ്. ഇന്ത്യ ഔദ്യോഗികമായി വ്യോമാതിര്‍ത്തി അടയ്ക്കുന്നതോടെ പാക്കിസ്ഥാന്‍ വ്യോമമേഖല വലിയ നഷ്ടം നേരിടും.