പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ബൈസരണ്‍വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍. പ്രാര്‍ഥന ചൊല്ലുന്നത് പതിവെന്നും എന്‍.ഐ.എക്ക് മൊഴിനല്‍കി. ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ മലയാളി വിനോദസഞ്ചാരിയുടെ ക്യാമറയില്‍ പതിഞ്ഞു. കൂടുതല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ആര്‍മി സ്കൂളുകളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു
സഞ്ചാരിയുടെ മൊഴിയാണ് സിപ് ലൈന്‍ ഓപ്പറേറ്ററിലേക്ക് സംശയം നീളാന്‍ കാരണം. തന്നെ കയറ്റിയതിന് പിന്നാലെ മൂന്നുതവണ ഓപ്പറേറ്റര്‍ ദൈവത്തെ സ്തുതിച്ചെന്നും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെടിയൊച്ച കേട്ടെന്നുമാണ് ഗുജറാത്തില്‍നിന്നുള്ള സഞ്ചാരിയായ റിഷി ബട്ട് പറയുന്നത്. ദൃശ്യങ്ങളിലും അത് വ്യക്തമാണ്. തനിക്ക് മുന്‍പ് ആളുകള്‍ കയറിയപ്പോള്‍ പ്രാര്‍ഥന ഉണ്ടായില്ലെന്നും റിഷി പറഞ്ഞു.
എന്നാല്‍ ജോലിക്കിടെ പതിവായി പ്രാര്‍ഥന ചൊല്ലാറുണ്ടെന്നും ഭീകരരുമായി ബന്ധമില്ലെന്നും എന്‍.ഐ.എയുടെ ചോദ്യംചെയ്യലില്‍ സിപ്‌ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ മൊഴിനല്‍കി. അതിനിടെ ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുന്‍പെ ഭീകരര്‍ പഹല്‍ഗാമില്‍ എത്തിയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള രണ്ടുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൂനെ മലയാളി ശ്രീജിത്ത് രമേശനാണ് പകര്‍ത്തിയത്. ഈ മാസം 18 നാണ് ശ്രീജിത്ത് കശ്മീരിലെത്തിയത്. ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് കൈമാറി.
കൂടുതല്‍ ആക്രമണത്തിന് ഭീകരര്‍ ഒരുങ്ങുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വര അതീവ ജാഗ്രതയിലാണ്. 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അതിനിടെ ആര്‍മി പബ്ലിക് സ്കൂളുകളുടെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണമുണ്ടായി.
ശ്രീനഗറിലെയും ഉത്തരാഖണ്ഡിലെ റാണിഖേത്തിലെയും സ്കൂളുകളുടെ സൈറ്റുകളില്‍ പാക് പതാകയും പ്രകോപനപരമായ വാക്യങ്ങളും പ്രത്യക്ഷപ്പെട്ടു. ഐടി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഇടപെട്ട് സൈറ്റുകള്‍ ഡൗണ്‍ ആക്കി.