കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി പോയ യാത്രയില്‍ നഷ്ടം 1.4 കോടി. ദിവ്യ ഛബ്ര എന്ന യുവതിക്ക് 2025 ഫെബ്രുവരി 26 ഒരു ദുഃസ്വപ്നമാണ് ഇന്നും. ബെംഗളൂരു മറാത്തഹള്ളിയിലെ മുന്തിയ ഹോട്ടലിലേക്ക് നടന്നുകയറുമ്പോള്‍ അവിടെയുണ്ടായിരുന്ന ‘വാലറ്റ് ഡ്രൈവര്‍’ (വാഹനം പാര്‍ക്ക് ചെയ്യാന്‍ കൊണ്ടുപോകുന്നയാള്‍) കാര്‍ പാര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞ് കാറിന്‍റെ താക്കോല്‍ വാങ്ങി. പിന്നെ കാണുന്നത് അതേ റെസ്റ്റോറന്‍റിന്‍റെ ബേസ്മെന്‍റില്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന മെര്‍സിഡസ് ബെന്‍സാണ്.
ഇപ്പോള്‍ ഈ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയത് റീല്‍ എടുക്കാനായി വാലറ്റ് ഡ്രൈവര്‍ കാര്‍ ഭിത്തിയിലേക്ക് ഇടിച്ചുകയറ്റി എന്നാണ്. ബിഗ് ബാര്‍ബിക്യൂ എന്ന റെസ്റ്റോറന്‍റിനെതിരെയാണ് ദിവ്യ പരാതി നല്‍കിയത്. ഇവിടെ പ്രീമിയം, ലക്ഷ്വറി കാറുകള്‍ വന്നാല്‍ വാലറ്റ് ഡ്രൈവര്‍മാര്‍ കാറോടിച്ച് റീലുകള്‍ ചിത്രീകരിക്കുന്നത് പതിവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവ ദിവസം കാറിന്‍റെ താക്കോല്‍ വാലറ്റ് ഡ്രൈവറെ ഏല്‍പ്പിച്ച് 45 മിനിറ്റിനു ശേഷമാണ് ദിവ്യയും കുടുംബവും ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത്. വന്നപ്പോള്‍ കാര്‍ കാണാനില്ല. പിന്നീടാണ് ബേസ്മെന്‍റില്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന ബെന്‍സ് കണ്ടത്. ആദ്യം റെസ്റ്റോറന്‍റ് ജീവനക്കാര്‍ പാര്‍ക്കിങ്ങിനിടെയുണ്ടായ അപകടമായി ഇതിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടത് പല ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ച് റീലുകള്‍ ചിത്രീകരിക്കുന്നതാണ്. വാഹനം ഇടിച്ചപ്പോള്‍ പൊട്ടിവീണ ഇഷ്ടികകളും മതിലിന്‍റെ കഷ്ണങ്ങളും ഇവര്‍ മാറ്റുന്നതും ഒന്നുമറിയാത്തതുപോലെ സ്ഥലം കാലിയാക്കുന്നതും സിസിടിവിയില്‍ വ്യക്മായി കാണാമായിരുന്നു.
വാഹനം ഭിത്തിയിലേക്ക് ഇടിച്ചുകയറ്റിയ അബ്ദുള്ള ലാസ്കര്‍ എന്ന യുവാവിനാകട്ടെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് പോലുമില്ലായിരുന്നു. വ്യാജ ഡ്രൈവിങ് ലൈസന്‍സ് കാണിച്ചാണ് ഇയാള്‍ ഇവിടെ ജോലിക്ക് കയറിയത്. അസം ആര്‍.ടി.ഒയുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു ലൈസന്‍സ് ഇല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ലാസ്കറിന്‍റെ ഡ്രൈവിങ് ലൈസന്‍സില്‍ വര്‍ഷം 2010 എന്നാണ് കൊടുത്തിരുന്നത്. 1999ല്‍ ജനിച്ചയാള്‍ക്ക് 11-ാം വയസ്സില്‍ ലൈസന്‍സ് ലഭിച്ചോ എന്ന ചോദ്യമാണ് ഡ്രൈവിങ് ലൈസന്‍സ് വ്യാജമാണെന്ന കണ്ടെത്തലിലേക്കെത്തിയത്.
കാര്‍ ഓടിച്ച മറ്റൊരു ഡ്രൈവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സേ ഉണ്ടായിരുന്നില്ല. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രമാണ് കൃത്യമായ ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നത്. മൂന്നുപേരും അസം സ്വദേശികളാണ്. ഇന്‍ഷുറന്‍സ് ലഭ്യമാക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം കണ്ടെത്താനായത്. ആര്‍.ടി.ഒയുമായി ചേര്‍ന്ന് വ്യാജ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളും ശേഖരിച്ചതോടെ പൊലീസ് കേസ് ബലപ്പെട്ടു. യുവാക്കള്‍ ചിത്രീകരിച്ച റീലും പൊലീസ് കണ്ടെത്തി.
കേസ് അന്വേഷണത്തിനിടെ റെസ്റ്റോറന്‍റ് അധികൃതര്‍ മറ്റൊരാളാണ് കാര്‍ ഓടിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഡ്രൈവര്‍മാര്‍ കുറ്റം ചെയ്തിട്ടില്ല, പുറത്തുനിന്ന് ആരോ കാര്‍ ഓടിച്ചതാണ് എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. വാലറ്റ് ഏജന്‍സിയുമായി ബന്ധപ്പെട്ട് വ്യാജ കരാറും റെസ്റ്റോറന്‍റ് ഹാജരാക്കി. റെസ്റ്റോറന്‍റിന് കൃത്യത്തില്‍ പങ്കില്ല എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. എന്നാല്‍ കള്ളം മുഴുവന്‍ പൊളിഞ്ഞു എന്നാണ് ദിവ്യ പറയുന്നത്. കാര്‍ ശരിയാക്കാന്‍ 20 ലക്ഷം രൂപയാണ് ചെലവായത്. കാര്‍ ഓടിച്ച മൂന്നുപേരും അസമില്‍ ഒളിവിലാണെന്നും ദിവ്യ പറയുന്നു.