അതിര്‍‌ത്തിയില്‍ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ  രണ്ടും കല്‍പ്പിച്ച് പാക്കിസ്ഥാന്‍. വിമാനത്താവളങ്ങളായ  െപന്‍സി, സ്കാന്‍ഡു, സ്വാത് എന്നിവടങ്ങള്‍ സജീവമാക്കി പാക് വ്യോമസേന.  F-16, J-10,  JF-17 യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. വ്യോമ പട്രോളിങ്ങും തുടങ്ങി.  തെക്കന്‍ പീര്‍പഞ്ചലിലേക്കും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വ്യാപിപ്പിച്ചു. ലൈറ്റ് മെഷീന്‍ ഗണ്ണുകളും മീഡിയം മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ചാണ് ആക്രമണം. 

അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപെട്ട ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി സൂചന. തെക്കൻ കശ്മീരിലെ വനമേഖലയിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായത്. മറ്റ് മൂന്നിടങ്ങളിൽ വച്ചും സുരക്ഷ സേന ഭീകരരെ കണ്ടതായും റിപ്പോർട്ടുകൾ. ഭീകരർക്കായുള്ള തിരച്ചൽ സുരക്ഷസേന തുടരുകയാണ്.  പാക് ഭീകരരെ സഹായിച്ചതിന് പിടിയിലായ 3 പേരുടെ  അറസ്റ്റ്  ഇന്ന് രേഖപ്പെടുത്തിയേക്കും. ഭീകരരെ സഹായിച്ച 15 തദ്ദേശീയരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  

 നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുമെന്നാണ് കരസേനയുടെ വിലയിരുത്തല്‍.  ഉറി സെക്ടര്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി പാക് സൈന്യം കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുന്നുണ്ട്. പ്രകോപനം തുടര്‍ന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ മറന്നുള്ള തിരിച്ചടിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. തീരുമാനമെടുക്കാന്‍ കരസേനയുടെ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.  പഞ്ചാബിലെ ഫിറോസ്പൂരില്‍  പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാന്റെ മോചനത്തിനായുള്ള ചർച്ചയും തുടരുകയാണ്. ഫ്ലാഗ് മീറ്റിങ് നടത്തിയിട്ടും ജവാനെ വിട്ടുകിട്ടുന്നതില്‍ തീരുമാനമായില്ല. 

ഭീകരാക്രമണത്തിന് ശേഷം മതഭേദം ഇല്ലാതെ ഇന്ത്യ ഒറ്റക്കെട്ടായി നിന്നു എന്നും ഭീകരർക്കും അവർക്ക് പിന്നിൽ പ്രവർത്തിച്ചവരിലേക്കും ഞങ്ങൾ എത്തുമെന്നും രാജ്നാഥ് സിങ് പ്രതികരിച്ചു. തുടർനടപടികൾ ആലോചിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് 11 മണിക്ക് പ്രധാനമന്ത്രിയെ  കാണും.

അതിനിടെ,  പഹല്‍ഗാം ഭീകരാക്രണത്തെക്കുറിച്ച് പാക് – ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍ ആശയവിനിമയം നടത്തി.  ചൈനയുടെ നൂതന മിസൈലുകള്‍ പാക് വ്യോമസേനയ്ക്ക് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. PL - 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാന് നല്‍കിയതെന്ന് വിവരം. മിസൈലുകള്‍ ഘടിപ്പിച്ച JF –17  ബ്ലോക്ക് III യുദ്ധവിമാനത്തിന്റെ ചിത്രം പുറത്ത് വന്നു.  തുര്‍ക്കി വ്യോമസേനയുടെ സി–130 ഹെര്‍ക്കുലീസ് വിമാനം കറാച്ചിയിലെത്തിച്ചെന്നും റിപ്പോര്‍ട്ട്.  അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു. പൂഞ്ചിലും കുപ്വാരയിലും പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. 

ENGLISH SUMMARY:

The Pakistan Air Force has activated critical airports in Peshawar, Skardu, and Swat, deploying advanced fighter jets including F-16, J-10, and JF-17. The military has also ramped up aerial patrolling in these areas. Additionally, violations of ceasefire agreements have been reported in southern Poonch, with the use of light and medium machine guns in attacks.