പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 16 പാകിസ്ഥാനി യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് വിലക്ക്. ഡോണ്‍, സമ ടിവി, എആര്‍വൈ ന്യൂസ്, ബോല്‍ ന്യൂസ്, റഫ്താര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ ന്യൂസ് ചാനലുകളുടെ യൂട്യൂബുകളും മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാത് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫറൂഖ് എന്നിവരുടെ ചാനലുകളും നിരോധിച്ചു. ദ് പാക്കിസ്ഥാന്‍ റെഫറന്‍സ്, സമ സ്പോര്‍ട്സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നീ യൂട്യൂബ് ചാനലുകളാണ് മറ്റുള്ളവ. 

പ്രകോപനപരവും വര്‍ഗീയത വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇന്ത്യയെകുറിച്ച് വസ്തുതാവിരുദ്ധമായ ഉള്ളടക്കങ്ങള്‍  പങ്കുവയ്ക്കുന്നതിനെയും തുടര്‍ന്നാണ് യൂട്യൂബ് ചാനലുകള്‍ വിലക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. ചാനലുകള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് 'ദേശീയ സുരക്ഷാസംബന്ധമായ കാര്യങ്ങളെ തുടര്‍ന്നുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ഉള്ളടക്കം നിലവില്‍ രാജ്യത്ത് ലഭ്യമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ട്രാന്‍സ്പരന്‍സി  റിപ്പോര്‍ട്ട് പരിശോധിക്കുക'യെന്നുമുള്ള എഴുത്ത് കാണാം. 

രാജ്യാന്തര മാധ്യമമായ ബിബിസിക്കും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പാക് അനുകൂല തലക്കെട്ടോടെ വാര്‍ത്ത നല്‍കിയതിലാണിത്. ബിബിസി വാര്‍ത്തയുടെ തലക്കെട്ട് ഇന്ത്യയാണ് വിനോദസഞ്ചാരികളെ ആക്രമിച്ചതെന്ന  പ്രതീതി ജനിപ്പിക്കുന്നതാണെന്ന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഉള്ളടക്കം പരിശോധിച്ച വിദേശകാര്യ മന്ത്രാലയം കടുത്ത വിയോജിപ്പ് ബിബിസിയുടെ ഇന്ത്യ തലവന്‍ ജാക്ക് മാര്‍ട്ടിനെ അറിയിച്ചു. ബിബിസിയുടെ റിപ്പോര്‍ട്ടിങ് നിരീക്ഷണത്തിലാണെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. 

ENGLISH SUMMARY:

In response to misinformation about India post-Pahalgam attack, the Indian government has banned 16 Pakistani YouTube channels, including Don, Sama TV, and ARY News. The BBC also receives a warning for spreading false content.