Indian security force personnel patrol at the site of a suspected militant attack on tourists in Baisaran near Pahalgam in south Kashmir's Anantnag district, April 24, 2025. REUTERS/Adnan Abidi

Indian security force personnel patrol at the site of a suspected militant attack on tourists in Baisaran near Pahalgam in south Kashmir's Anantnag district, April 24, 2025. REUTERS/Adnan Abidi

പഹല്‍ഗാമിലെ ബൈസരണില്‍ 26 പേരുടെ ജീവനെടുത്ത ഭീകാരാക്രമണത്തിനായി സംഘം എത്തിയത് തെക്കന്‍ കശ്മീരിലെ കൊക്കര്‍നാഗില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. അതിദുര്‍ഘടമായ പാതയിലൂടെ 22 മണിക്കൂറോളം നടന്നാണ് ഭീകരവാദികള്‍ ബൈസരണിലെത്തിയതെന്നും സൈന്യത്തിന് വിവരം ലഭിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ രക്ഷപെടുമ്പോള്‍ വിനോദസഞ്ചാരികളില്‍ ഒരാളുടെയും നാട്ടുകാരില്‍ ഒരാളുടെയും മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയിരുന്നു. ഇത് ഇപ്പോഴും ഭീകരരുടെ കയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊക്കര്‍നാഗിലെ വനമേഖലയില്‍ വച്ച് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായെന്നും നാലിടത്ത് വച്ച് ഭീകരരെ കണ്ടെത്തിയെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. 

പഹല്‍ഗാമിലെത്തിയത് നാല് ഭീകരര്‍ ആണെന്നാണ് രക്ഷപെട്ടവരില്‍ പലരും മൊഴി നല്‍കിയിരിക്കുന്നത്. മൂന്ന് പാക്കിസ്ഥാനി ഭീകരവാദികളും കശ്മീരിയായ ഭീകരവാദി ആദില്‍ തോകറുമാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനം. ഇവരുടെ രേഖാചിത്രങ്ങളടക്കം പുറത്തുവിട്ട സുരക്ഷാസേന ഊര്‍ജിതമായി തിരച്ചില്‍ തുടരുകയാണ്. ഹിസ്​ബുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നാണ് ആദില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 2018 ല്‍ നിയമാനുസൃതമായി പാക്കിസ്ഥാനിലേക്ക് പോയ ആദില്‍ 2024 ല്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറി എത്തുകയായിരുന്നു.  ഇയാള്‍ക്ക് ലഷ്കര്‍ ക്യാംപുകളില്‍ നിന്ന് പരിശീലനം ലഭിച്ചതായി സൂചനകളുണ്ട്. പാക്കിസ്ഥാനി ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതും ആദിലാണെന്നും കണ്ടെത്തിയിരുന്നു. 

അതിനിടെ ഭീകരര്‍ക്ക് സഹായം ചെയ്തു നല്‍കിയ 15 തദ്ദേശീയരെ എന്‍ഐഎ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദൃക്സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ ഇന്നലെ മൊഴി നല്‍കാനെത്തിയിരുന്നു. മരത്തിന് മുകളില്‍ കയറിയിരുന്നാണ് ഭീകരന്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ദേശീയ അന്വേഷണ ഏജന്‍സിക്കും സൈന്യത്തിനും ഇയാള്‍ കൈമാറിയിട്ടുണ്ട്.

ENGLISH SUMMARY:

Terrorists behind the Pahalgam attack reportedly trekked 22 hours through the dense Kokernag forests to reach Baisaran. After the deadly assault, they seized mobile phones from tourists and locals, which remain in their possession.